ചൈനീസ് സ്കൂളില്‍ വീണ്ടും അക്രമം: എട്ട് മരണം

ബീജിംഗ്| WEBDUNIA| Last Modified ബുധന്‍, 12 മെയ് 2010 (12:59 IST)
PRO
ചൈനയിലെ ഒരു നഴ്സറി സ്കൂളിലുണ്ടായ അക്രമത്തില്‍ ഏഴു കുട്ടികളും ഒരു അദ്ധ്യാപികയും കൊല്ലപ്പെട്ടു. നാല്‍‌പത്തിയെട്ടുകാരനായ ഒരാള്‍ കറിക്കത്തി ഉപയോഗിച്ച് കുട്ടികളെയും അദ്ധ്യാപികയെയും കുത്തിക്കൊല്ലുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പതിനൊന്ന് കുട്ടികള്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്.

രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ഷാന്‍‌ക്സി മേഖലയിലെ ലിഞ്ചാംഗ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ വൂ ഹുവാന്‍‌മിന്‍ ആണ് അക്രമം നടത്തിയത്. അക്രമത്തിന് ശേഷം ഇയാള്‍ ജീവനൊടുക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

സ്കൂളില്‍ അക്രമം നടത്തിയതിന് ശേഷം തിരികെ സ്വന്തം വീട്ടിലെത്തിയ വൂ ഹുവാന്‍‌മിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സ്കൂളുകളില്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത് ചൈനയില്‍ സ്ഥിരമായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലെ അഞ്ചാമത്തെ സമാന സംഭവമാണിത്.

അക്രമത്തിന് പിന്നിലെ ലക്‍ഷ്യമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. അക്രമങ്ങളെ തുടര്‍ന്ന് വിദ്യാലയങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :