സ്വന്തം കഥയറിയാന്‍ 12കാരി വിവാഹമോചിത

ന്യൂയോര്‍ക്ക്| അയ്യാനാഥന്‍| Last Modified ശനി, 20 മാര്‍ച്ച് 2010 (11:58 IST)
നുജൂദ് അലി എന്ന 12 കാരിക്ക് ചരിത്രത്തില്‍ സ്ഥാനമുണ്ട്. ആദ്യമായി വിവാഹ മോചനം നേടിയ യെമനി പെണ്‍കുട്ടി എന്ന നിലയ്ക്ക്. ഇപ്പോള്‍ തന്റെ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ പുസ്തകം വായിക്കാന്‍ കഴിയുമെന്ന സന്തോഷത്തിലാണ് നുജൂദ്.

‘ഞാന്‍ നുജൂദ്, വയസ്സ് 10, വിവാഹമോചിത’ എന്ന തക്കെട്ടില്‍ നുജൂദിന്റെ ജീവചരിത്രം യു എസില്‍ പ്രകാശനം ചെയ്തത് ഈ മാസമായിരുന്നു. ഇംഗ്ലീഷ് അറിയാത്തതിനാല്‍, പുസ്തകത്തില്‍ എന്താണെന്ന് അറിയാതെ ദു:ഖിച്ച നുജൂദ് ഇപ്പോള്‍ സന്തോഷത്തിലാണ്. ഉടന്‍ തന്നെ പുസ്തകത്തിന്റെ അറബിക് പതിപ്പ് പുറത്തിറങ്ങുമെന്ന് പ്രസാധകര്‍ ഉറപ്പ് നല്‍കിയതാണ് സന്തോഷത്തിനു കാരണം.

നുജൂദിന്റെ അനുഭവം 19 ഭാഷകളില്‍ പുറത്തിറക്കാനാണ് പ്രസാധകരുടെ തീരുമാനം. ആദ്യ പതിപ്പ് കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിലാണ് പുറത്തിറങ്ങിയത്.

തന്റെ ഒമ്പതാം വയസ്സില്‍ ഒരുഡസനിലേറെ കുട്ടികളുണ്ടായിരുന്ന ദരിദ്രനായ തന്റെ പിതാവ് തന്നെക്കാള്‍ മൂന്നിരട്ടി പ്രായമുള്ള ഒരാളുമായി വിവാഹം നടത്താന്‍ തീരുമാനിച്ചതും അയാളും കുടുംബവും കൂടി തന്നെ സ്കൂളില്‍ നിന്ന് വിളിച്ചിറക്കി ഒരു ഗ്രാമത്തിലെ വീട്ടിലേക്ക് കൊണ്ടു പോയതും അവിടെ ആദ്യ രാത്രിയില്‍ താന്‍ ബലാത്സംഗത്തിന് ഇരയായതും നുജ്ജൂദിന്റെ വാക്കുകളിലൂടെയാണ് പുസ്തകത്തിലേക്ക് പകര്‍ത്തപ്പെട്ടിരിക്കുന്നത്.

ഒരിക്കല്‍, വീട്ടില്‍ പോകാന്‍ അനുവാദം ലഭിച്ചപ്പോള്‍ കോടതിയെ ശരണം പ്രാപിച്ചതും ഒരു അഭിഭാഷകയുടെ സഹായത്തോടെ വിവാഹമോചനം നേടിയതുമെല്ലാം സ്വന്തം ഭാഷയില്‍ വായിക്കാനുള്ള തയ്യാറെടുപ്പിലാണ് നുജൂദ്. ഇപ്പോള്‍, പുസ്തകങ്ങളില്‍ നിന്നുള്ള റോ‌യല്‍റ്റി ലഭിക്കുന്നതിനാല്‍ നുജൂദ് സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :