രാജ്യം രാജീവിന്‍റെ സ്മരണയില്‍

ചെന്നൈ| WEBDUNIA|
PRO
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പത്തൊമ്പതാം ചരമവാര്‍ഷികം ഇന്ന്. ഇത്തവണ തീവ്രവാദ വിരുദ്ധ ദിനമായാണ് രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികം ആചരിക്കുന്നത്. രാജ്യം മുഴുവനുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇന്ന് തീവ്രവാദ വിരുദ്ധ പ്രതിജ്ഞയെടുക്കും. തീവ്രവാദമെന്ന വെല്ലുവിളിയെ അതിജീവിക്കുന്നതിനുള്ള ബോധവല്‍ക്കണം രാജ്യമെമ്പാടും നല്‍കുകയെന്ന ഉദ്ദേശമാണ്‌ ഈ ദിനാചരണത്തിലൂടെ നടത്തുന്നത്‌.

1991 മെയ് 21.! ആ ദിവസമാണ് രാജീവ് ഗാന്ധിയുടെ ശരീരം ശ്രീപെരുമ്പത്തൂരിന്‍റെ മണ്ണില്‍ ചിതറി വീണത്. ശ്രീ പെരുമ്പുത്തൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കാനെത്തിയ രാജീവ് ഗാന്ധി ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ശ്രീലങ്കയിലെ വംശീയ പ്രശ്നം അടിച്ചമര്‍ത്തുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ അയച്ചതോടെയാണ് രാജീവ് ഗാന്ധി തമിഴ് പുലികളുടെ കണ്ണിലെ കരടായത്. രണ്ട് വധ ശ്രമങ്ങളെ അതിജീവിച്ച അദ്ദേഹം 1991-ല്‍ വിധിക്കു കീഴടങ്ങുകയായിരുന്നു.

ഇന്ദിര ഗാന്ധിയുടെയും ഫിറോസ് ഗാന്ധിയുടെയും മൂത്ത മകനായി ജനിച്ച രാജീവ് ഗാന്ധി ഭൂമിയുടെ ആകാശത്തുനിന്നാണ് രാഷ്ട്രീയത്തിന്‍റെ ആകാശത്തേക്ക് പറന്നത്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പഠനത്തിനിടെ പ്രണയിച്ച സോണിയയെ ജീവിതസഖിയാക്കിയ രാജീവ് എയര്‍ലൈന്‍സ് പൈലറ്റായി പറന്നു നടക്കുമ്പോഴാണ് അവിചാരിതമായി രാഷ്ട്രീയ നിയോഗം ഏറ്റെടുക്കുന്നത്.

1980-ല്‍ സഹോദരന്‍ സഞ്ജയ് ഗാന്ധിയുടെ മരണത്തോടെയാണ് ശ്രീപെരുമ്പത്തൂര്‍ ദുരന്തത്തിലേക്കു വഴി തെളിച്ച രാഷ്ട്രീയ പ്രവേശനത്തിന് രാജീവ് തയാറെടുക്കുന്നത്. 1981-ല്‍ ആദ്യ തെരഞ്ഞെടുപ്പ് വിജയം രുചിച്ച രാജീവ് ഗാന്ധി അന്ന് പ്രധാനമന്ത്രിയായിരുന്ന അമ്മ ഇന്ദിര ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി ചുമതലയേറ്റു.

1984-ല്‍ ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതോടെ കോണ്‍ഗ്രസിന്‍റെയും രാജ്യത്തിന്‍റെയും സാരഥ്യം രാജീവ് ഏറ്റെടുത്തു. അധികാരം ഏറ്റെടുക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. 1985 ജൂലൈയിലെ പഞ്ചാബ് കരാര്‍, ആസാം പ്രശ്നപരിഹാരം തുടങ്ങിയവ രാജീവ്ഗാന്ധിയുടെ കാലത്താണുണ്ടായത്. എന്നാല്‍ ബോഫോഴ്സ് തോക്കിടപാട്, അന്തര്‍വാഹിനി ഇടപാട് തുടങ്ങിയ അഴിമതിയാരോപണങ്ങള്‍ പില്ക്കാലത്തുണ്ടായി.

1989 വരെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടര്‍ന്നു. ബോഫോഴ്സ് വിവാദത്തത്തുടര്‍ന്ന് 1989-ല്‍ കോണ്‍ഗ്രസ് പൊതു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് അധികാരത്തിലേറിയ വിശ്വനാഥ് പ്രതാപ് സിംഗിന് ഏറെക്കാലം പിടിച്ചു നില്‍ക്കാനായില്ല. 1991-ല്‍ രാജ്യം വീണ്ടും പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തയാറെടുക്കുമ്പോഴാണ് പ്രചാരണത്തിനിടെ മനുഷ്യ ബോംബായി വന്ന തനു രാജീവിനെ കൂടി ചിന്നി ചിതറിച്ചത്. 1991 മെയ് 21 തമിഴ്നാട്ടിലെ ശ്രീപെരും പുതൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബോംബു പൊട്ടി രാജീവ് ഗാന്ധി മരിച്ചു. മരണാനന്തര ബഹുമതിയായി 1991 ല്‍ രാജ്യം രാജീവിന് ഭാരതരത്നം നല്കി.

ശ്രീലങ്കന്‍ തമിഴ് തീവ്രവാദ സംഘടനയായ എല്‍ ടി ടി ഇയിലെ അംഗം തനുവാണ് സ്വശരീരത്തില്‍ ബോംബ് കെട്ടിവച്ച് സ്ഫോടനം നടത്തിയത്. 1987 ജൂലൈ 29ന് ശ്രീലങ്കയുമായി രാജീവ് ഗാന്ധി ഒപ്പുവച്ച കരാറനുസരിച്ച് ഇന്ത്യന്‍ സമാധാനം സംരക്ഷണസേനയെ (ഐ പി കെ എഫ്) അയച്ചതാണ് വധത്തിനു കാരണം.

കഴിഞ്ഞവര്‍ഷം രാജീവ് ഗാന്ധിയുടെ ചരമദിനത്തിന് ഒരേയൊരു ദിവസം മുമ്പാണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയ്ക്ക് ശ്രീലങ്കന്‍ പ്രധാനമന്ത്രി സ്ഥിരീകരണം നല്‍കിയത്. ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെ അവകാശ വാദങ്ങള്‍ പുലി അനുകൂലികള്‍ നിഷേധിക്കുന്നു എങ്കിലും അത്തരത്തില്‍ സംഭവിച്ചിട്ടുണ്ട് എങ്കില്‍ രാജീവിന്‍റെ മരണത്തിനു പിന്നില്‍ ചരടുവലിച്ച പ്രധാനിക്ക് അവസാനം ദാരുണമായ വിധി തന്നെ ലഭിച്ചു എന്ന് കരുതാം.

രാജീവ് വധത്തിനു ശേഷം വര്‍ഷങ്ങളോളം സംഘടന അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല. പിന്നീട് ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയായ സിബിഐ രാജീവ് വധത്തില്‍ പുലികളുടെ പങ്ക് വ്യക്തമായി സ്ഥിരീകരിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭാകരനും പുലികളുടെ രഹസ്യാന്വേഷണ മേധാവി പൊട്ടു അമ്മനും രാജീവ് വധത്തെ ഒരു ദുരന്തമായി വിശേഷിപ്പിച്ച് കൈകകഴുകുകയായിരുന്നു.

രാജീവിനെ കൊലപ്പെടുത്തുന്നതിന് കൃത്യമായി ആസൂത്രണം ചെയ്ത സംഘത്തില്‍ 41 പേരുണ്ടായിരുന്നു. ഇതില്‍ 14 പേര്‍ ഇന്ത്യന്‍ വംശജരായിരുന്നു. അന്വേഷണ സമയത്ത് 12 പേര്‍ ആത്മഹത്യ ചെയ്തു. രാജീവ് വധത്തില്‍ പ്രതികളായ 26 പേര്‍ക്ക് 1998 ജനുവരി 28ന് ചെന്നൈയിലെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :