മലയാളം വിക്കിപീഡിയയില്‍ 10000 ലേഖനങ്ങള്‍!

വിക്കിപീഡിയ
WDWD
സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ മലയാളം വിക്കീപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം പതിനായിരം കടന്നു. ജൂണ്‍ 1-ന് കണക്കെടുക്കുമ്പോള്‍ മലയാളം വിക്കിപീഡിയയില്‍ പതിനായിരത്തിയൊന്ന് ലേഖനങ്ങളുണ്ട്. അഭിമാനാര്‍ഹമായ നേട്ടമാണ് മലയാളം കൈവരിച്ചിരിക്കുന്നത്.

പതിനഞ്ചാം ലോകസഭയിലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും, ന്യൂ ഡെല്‍ഹി ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം‌പിയും ആയ അജയ് മാക്കനെ പറ്റിയുള്ള ലേഖനമാണ് പതിനായിരാമത്തെ ലേഖനം.

മെയ് മാസത്തില്‍ മാത്രം അഞ്ഞൂറോളം പുതിയ താളുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ സംഭാവന ചെയ്യുന്നവര്‍ ഏറെയുണ്ടെങ്കിലും സജീവ അംഗങ്ങള്‍ 152 പേരാണ്. പ്രവീണ്‍, സാദിഖ്, ബിജി എന്നിവരാണ് മലയാളം വിക്കിയുടെ ഇപ്പോഴത്തെ ബ്യൂറോക്രാറ്റുകള്‍.

ബ്യൂറോക്രാറ്റുകളെ കൂടാതെ വിക്കിക്ക് കാര്യനിര്‍വാഹകരുമുണ്ട്. വിക്കി ലേഖനങ്ങളുടെ ആധികാരികതയും സാംഗത്യവും പരിശോധിക്കുന്ന കാര്യനിര്‍വാഹകര്‍ അഭിഷേക് ജേക്കബ്, അനൂപന്‍, ദീപു ജി‌എന്‍, ജേക്കബ് ജോസ്, ജിഗേഷ്, ജ്യോതിസ്, രാജ് നീട്ടിയത്ത്, രമേഷ്, സിദ്ധാര്‍ത്ഥന്‍, സുനില്‍ എന്നിവരാണ്. സജീവ അംഗങ്ങളില്‍ എടുത്തുപറയാവുന്ന ചിലരില്‍ ചള്ളിയാന്‍, സിമി നസറേത്ത്, ഷിജു അലെക്സ്, മഞ്ജിത് കൈനി, ജോര്‍ജ്ജ് കുട്ടി, സുബീഷബാലന്‍ എന്നിവര്‍ ഉള്‍‌പ്പെടുന്നു.

ഇന്ത്യന്‍ ഭാഷകളില്‍ ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി എന്നീ ഭാഷാപതിപ്പുകളിലും ലേഖനങ്ങളുടെ എണ്ണം പതിനായിരം കടന്നിട്ടുണ്ട്.

പേജ് ഡെപ്ത്ത് (വിക്കിപീഡിയയിലെ ലേഖനങ്ങളുടെ ഗുണമേന്മ നിര്‍ണയിക്കാനുള്ള മാര്‍ഗം) അനുസരിച്ച് മലയാളം പതിപ്പാണ് ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാമത്. ലോകത്തെ മൊത്തം വിക്കിപീഡിയാ പതിപ്പുകള്‍ എടുത്താല്‍ മലയാളത്തിന് ഗുണമേന്മയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനമുണ്ട്. ഗുണമേന്മാ നിലവാരം 147 -ല്‍ നിന്ന് ഉയര്‍ന്ന് ഇപ്പോള്‍ 149 -ല്‍ എത്തിനില്‍ക്കുന്നു.

ഇന്ത്യന്‍ വിക്കിപീഡിയകളില്‍ പേജ് ഡെപ്ത്ത് 100 കടക്കുന്ന ആദ്യത്തെ വിക്കിപീഡിയയാണ്‌ മലയാളം. മറ്റ് ഇന്ത്യന്‍ ഭാഷകളൊന്നും തന്നെ മലയാളത്തിന്റെ സമീപത്തു പോലുമില്ല. ഏറ്റവും അടുത്തുള്ള വിക്കി ബംഗാളി വിക്കിയാണ്‌. അതിന്റെ പേജ് ഡെപ്ത്ത് 39 മാത്രമാണ്‌. ഹിന്ദിയുടേത് നാലും തമിഴിന്റേത് പതിനെട്ടുമാണ്.

അറിവിന്‍റെ ജനകീയവല്‍‌ക്കരണം ലക്‌ഷ്യമിട്ടുകൊണ്ട് ജിമ്മി വെയില്‍‌സ്, ലാറി സാംഗര്‍ എന്നിവര്‍ 2001 ജനുവരി 15നാണ്‌ വിക്കിപീഡിയ പദ്ധതിക്ക് തുടക്കംകുറിച്ചത്‌. വിവിധ വിഷയങ്ങളെ പറ്റി ആധികാരികവും സൌജന്യവുമായ വിവരങ്ങള്‍ നല്‍കുന്ന ഈ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശം വളരെ പെട്ടെന്ന് ജനകീയമായി.

ഇന്ന് വിക്കിക്ക് 229 ഭാഷാ പതിപ്പുകളുണ്ട്‌. ഇംഗ്ലീഷ്‌ പതിപ്പിലിപ്പോള്‍ ഇരുപത്തിയെട്ട് ലക്ഷത്തിലധികം ലേഖനങ്ങള്‍ ഉണ്ട്. ലയാളമടക്കം 14 ഇന്ത്യന്‍ഭാഷകളിലും വിക്കിപീഡിയ പ്രവര്‍ത്തിക്കുന്നു. അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്വദേശിയായ വിനോദ് മേനോന്‍ എം. പിയാണ് 2002 ഡിസംബര്‍ 21 -ന് മലയാളം വിക്കിപീഡിയയ്ക്കു തുടക്കം ഇട്ടത്.

WEBDUNIA|
(ചിത്രത്തിന് കടപ്പാട്, വിക്കിപീഡിയ കോമണ്‍സ്)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :