യുവ പത്രപ്രവര്‍ത്തകരോട്, ഖേദപൂര്‍വ്വം..

ടി ശശിമോഹന്‍, എഡിറ്റര്‍, വെബ്‌ലോകം

WD
വര്‍ത്തമാനം ദിനപത്രത്തിന്‌ എന്താണ്‌ സംഭവിച്ചത്‌. മാധ്യമ ഉദാരവത്കരണത്തിന്‍റെ കാലത്ത്‌ പത്രപ്രവര്‍ത്തനത്തിലേക്ക്‌ എടുത്തുചാടാന്‍ വരുന്നവര്‍ക്കുള്ള ഏറ്റവും വലിയ മുന്നറിയിപ്പാണ്‌ കോഴിക്കോട്‌ ചാലപ്പുറത്ത്‌ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന വര്‍ത്തമാനം ദിനപത്രം നല്‍കുന്നത്‌.

കഴിവ്‌ തെളിയിച്ച പത്രപ്രവര്‍ത്തകരും പരിശ്രമശാലികളായ യുവപത്രപ്രവര്‍ത്തകരും പത്രത്തെ നെഞ്ചിലേറ്റി താലോലിക്കാന്‍ ഒരു സംഘടനയും വിദേശത്ത്‌ നിന്ന്‌ നിര്‍ലോഭമെത്തുന്ന ഫണ്ടും ലോകമെങ്ങും അറിയപ്പെടുന്ന ചീഫ്‌ എഡിറ്ററും ഉണ്ടെങ്കിലും മാനേജ്മെന്‍റിന്‍റെ കഴിവ്‌ കേടും മണ്ടത്തരവും കൊണ്ട്‌ മാത്രം ഒരു പത്രം പരാജയപ്പെടാമെന്നതാണ്‌ വര്‍ത്തമാനം ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കുന്ന ഏറ്റവും വലിയ പാഠം.

കള്ള്‌ ചെത്ത്‌ തൊഴിലാളിക്കും സംഘടിത ലൈംഗിക തൊഴിലാളികള്‍ക്കും ലഭിക്കുന്ന തൊഴില്‍ സുരക്ഷിതത്വമോ സംഘടനാബലമോ ജനാധിപത്യത്തിന്‍റെ നാലാം തൂണുകാരായ ആധുനിക പത്രപ്രവര്‍ത്തകര്‍ക്ക്‌ ഇല്ല എന്നതാണ്‌ വര്‍ത്തമാനം നല്‍കുന്ന ഞെട്ടിപ്പിക്കുന്ന മഹത്തായ മറ്റൊരു പാഠം.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കോഴിക്കോട്ട്‌ നിന്ന്‌ പുതിയ പത്രം ആരംഭിക്കുന്നതിന്‍റെ ഉത്സാഹകമ്മറ്റിക്കാരില്‍ എന്‍റെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ആത്മവിശ്വാസത്തോടെയുള്ള അവരുടെ വാക്കുകളില്‍ കേരള മനസാക്ഷി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു യഥാര്‍ത്ഥപത്രത്തിന്‍റെ തീക്കനണ്ടായിരുന്നു.

കേരളത്തിന്‍റെ മുക്കിലും മൂലയിലും പത്രം അടിച്ച്‌ എത്തിക്കുന്നതിലുള്ള പ്രായോഗിക പ്രതിസന്ധികളെ കുറിച്ച്‌ അവരെ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു പത്രവും ആരും വാങ്ങി‍യില്ലെങ്കിലും അഞ്ചുവര്‍ഷം പത്രമിറക്കാനുള്ള പണം കൈയ്യിലുണ്ടെന്നായിരുന്നു അവരുടെ ആത്മവിശ്വാസം.

കേരള മാധ്യമചരിത്രത്തില്‍ നാഴികക്കല്ലാകാന്‍ പോകുന്ന വര്‍ത്തമാനം പത്രത്തിന്‍റെ വരവിനെ പറ്റി ജേര്‍ണലിസം ക്ലാസുകളില്‍ ഞാനും ആവേശഭരിതനായിട്ടുണ്ട് (എന്‍റെ കൂട്ടുകാരുടെ ഉറപ്പിന്‍ മേല്‍)‌. രണ്ടാംനിര പത്രങ്ങളില്‍ ഏറ്റവും മികച്ച ശമ്പളം വാഗ്ദാനം ചെയ്യുന്ന, മുഖ്യാധാര പത്രങ്ങളുടെ കുറവുകള്‍ക്ക്‌ ബദലാകാന്‍ വെമ്പുന്ന, പ്രഗത്ഭ പത്രപ്രവര്‍ത്തകര്‍ ഒന്നിക്കുന്ന അഴീക്കോട്‌ ചീഫ്‌ എഡിറ്ററാകുന്ന വര്‍ത്തമാനത്തിന്‍റെ അണികളാകാന്‍ ജേര്‍ണലിസം കുട്ടികളെ ഞാനും പ്രേരിപ്പിച്ചി‍ട്ടുണ്ട്‌. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം, അത്‌ തെറ്റായി പോയി എന്ന്‌ ഞാന്‍ മനസിലാക്കുന്നു.

T SASI MOHAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :