കളിക്കൂട്ടുകാരന് ജീവന്‍ നല്‍കി സച്ചിന്‍

അഹമ്മദാബാദ്| WEBDUNIA|
PRO
PRO
ക്രിക്കറ്റ് ലോകത്തെ ദൈവം, ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വേദനിക്കുന്ന പലര്‍ക്കുമിന്ന് കണ്‍കണ്ട ദൈവമാണ്, അല്ലെങ്കില്‍ സാന്ത്വനവുമായെത്തുന്ന മാലാഖയാണ്. തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നിരവധി തവണ തോളിലേറ്റിയ സച്ചിന്‍ ഇന്ന് പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ തയ്യാറായ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തന്റെ സുഹൃത്തിനെ സഹായിച്ചും മാധ്യമ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ്.

സച്ചിന്‍ തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത തന്നെ മാധ്യമ ലോകമറിയുന്നത്. വാഹനാപകടത്തില്‍ പരുക്കേറ്റ് മാസങ്ങളായി ബെഡില്‍ കിടക്കുകയായിരുന്ന കളിക്കൂട്ടുകാരന് വേണ്ടി സച്ചിന്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു, ‘എന്റെ സുഹൃത്ത് ദില്‍ബിറിന്‍റെ ശസ്ത്രക്രിയ വിജയകരമായതില്‍ അതിയായ സന്തോഷമുണ്ട്, എനിക്ക് അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനും അദ്ദേഹത്തോട് “ഹലോ“ പറയാനും കഴിഞ്ഞു. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ...’

ഇന്ത്യയുടെ അണ്ടര്‍ പതിനേഴ് ടീമില്‍ സച്ചിനൊപ്പം കളിച്ചിരുന്ന ദില്‍ബീര്‍ സിംഗ് ഗില്ലിനാണ് മാസ്റ്റര്‍ബ്ലാസ്റ്ററിന്റെ കാരുണ്യം ലഭിച്ചത്. റോഡപകടത്തില്‍ മാരകമായി പരുക്കേറ്റ് കിടപ്പിലായിരുന്ന ദില്‍ബീറിന്റെ വിശേഷങ്ങളും രോഗവിവരങ്ങളും അന്വേഷിക്കാന്‍ എന്നും സച്ചിനെത്തിയിരുന്നു‍. 2002ല്‍ ദില്‍ബീര്‍ സഞ്ചരിച്ച ബൈക്ക് ടാങ്കര്‍ ലോറിയിലിടിക്കുകയായിരുന്നു. മാരകമായി പരുക്കേറ്റ ദില്‍ബീര്‍ ആറു മാസത്തോളം കോമയിലായിരുന്നു.

പിന്നീട് ഇടുപ്പെല്ല് മാറ്റിവെച്ചാണ് ദില്‍ബീര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അഹമ്മദാബാദിലെ ആശുപത്രിയിലാണ് ദില്‍ബീറിന്റെ ശസ്ത്രക്രിയ നടന്നത്. ദില്‍ബീറിന്റെ എല്ലാ ചെലവുകളും വഹിക്കാനും ആശ്വാസ വാക്കുകള്‍ നല്‍കാനും സച്ചിന്‍ കൂടെയുണ്ടായിരുന്നു.

കളിക്കൂട്ടുകാരന്റെ ശസ്ത്രക്രിയയ്ക്ക് ആറു ലക്ഷത്തോളം ചെലവ് വരുമെന്ന് കാണിച്ച് ദില്‍ബീറിന്റെ അമ്മ സുഖ്ദയാല്‍ കൌര്‍ സച്ചിന് കത്തയക്കുകയായിരുന്നു. കത്ത് കിട്ടിയ ഉടന്‍ സച്ചിന്‍ സുഹൃത്തുമായി ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും ഉറപ്പുനല്‍കുകയായിരുന്നു.

സച്ചിനോടും ഭാര്യ അഞ്ജലിയോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും ദൈവം അവരെ രക്ഷിക്കട്ടെയെന്നും ദില്‍ബീറിന്റെ സഹോദരി സുഖ്ബീര്‍ കൌര്‍ പറഞ്ഞു. ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടു വന്ന തന്റെ പഴയ കളിക്കൂട്ടുകാരനെ കണ്ടപ്പോള്‍ ദില്‍ബീറിന്റെ കണ്ണുകള്‍ നിറഞ്ഞു.

കളിക്കളത്തിലെ പ്രകടനങ്ങള്‍കൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും മറ്റുള്ളവര്‍ക്ക് മാതൃകയായ സൂപ്പര്‍താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വിറ്ററിലും പുതിയ മാതൃക സൃഷ്ടിച്ചുക്കൊണ്ടിരിക്കുകയാണ്. ട്വിറ്ററിലെ സെലിബ്രിറ്റികളെപ്പോലെ തൊട്ടതിനും പിടിച്ചതിനുമൊന്നും ട്വീറ്റ് ചെയ്യാത്ത സച്ചിന്‍ ക്യാന്‍സര്‍ ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്ക് സംഭാവന ചെയ്യണമെന്ന് ആരാധകരോട് ട്വീറ്റ് ചെയ്തപ്പോള്‍ ഒറ്റ ദിവസം കൊണ്ട് സമാഹരിക്കാനായത് 67 ലക്ഷം രൂപയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :