വേഗതയുടെ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം

ഗയാന| WEBDUNIA| Last Modified വെള്ളി, 30 ഏപ്രില്‍ 2010 (08:47 IST)
PRO
PRO
വേഗതയുടെ കുട്ടി ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് വെസ്റ്റിന്‍ഡീസില്‍ തുടക്കം. 17 ദിവസം നീണ്ടുനില്‍ക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെ നേരിടും. രണ്ടാം മല്‍സരത്തില്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസ് അയര്‍ലന്‍ഡിനെതിരെയും പോരിനിറങ്ങും. ഗയാനയിലാണ് രണ്ടു മത്സരങ്ങളും നടക്കുന്നത്.

മൂന്നാം ട്വന്റി-20 ലോകകപ്പ് കിരീടം നേടാന്‍ നിലവിലെ ചാമ്പ്യന്മാരായ പാകിസ്താന്‍, പ്രഥമ കിരീടം നേടിയ ഇന്ത്യ എന്നീ ടീമുകള്‍ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. എങ്കിലും ശ്രീലങ്ക, ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളുടെയും സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, വിന്‍ഡീസ് ടീമുകള്‍ക്ക് സാധ്യത കാണുന്നവരും കുറവല്ല.

ഗ്രൂപ്പ് എയില്‍ പാകിസ്താന്‍, ആസ്ത്രേലിയ, ബംഗ്ലാദേശ് എന്നീ ടീമുകളാണുള്ളത്. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലും രണ്ട് തവണ ഫൈനല്‍ കളിച്ച ടീമാണ് പാകിസ്താന്‍. അന്താരാഷ്ട്ര ട്വന്റി20 മല്‍സരങ്ങളില്‍ 22 വിജയവും ഏഴു തോല്‍വിയുമാണ് പാക് തന്നെയാണ് മുന്നില്‍.

എന്നാല്‍, ഏകദിന ക്രിക്കറ്റില്‍ വ്യാഴവട്ടക്കാലമായി ലോകചാമ്പ്യന്മാരാണെങ്കിലും 20 ഓവര്‍ മത്സരത്തില്‍ ഓസീസ് ഇപ്പോഴും മുന്നിലെത്തിയിട്ടില്ല. ശക്കീബുല്‍ ഹസന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്ന ടീം തന്നെയാണ്.

ബി ഗ്രൂപ്പില്‍ ന്യൂസിലന്‍ഡ്, ശ്രീലങ്ക, സിംബാബ്വെ ടീമുകളാണുള്ളത്. സി ഗ്രൂപ്പില്‍ ഇന്ത്യക്കൊപ്പം ദക്ഷിണാഫ്രിക്കയും അഫ്ഗാനുമാണ്. ആദ്യ കിരീടം നേടിയ ധോണിയുടെ ടീം മികച്ച ടീം തന്നെയാണ്. സെവാഗിന്റെ അഭാവവും യുവരാജ് സിങ്ങിന്റെ ഫോമില്ലായ്മയും പ്രശ്നം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഐ പി എല്‍ താരങ്ങളുടെ പ്രതീക്ഷയിലാണ് ഇന്ത്യ. ഡി ഗ്രൂപ്പില്‍ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, അയര്‍ലണ്ട് ടീമുകളാണ് ഏട്ടുമുട്ടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :