ടെലികോം നിയന്ത്രണം ഒഴിവാക്കാന്‍ ട്രായ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 11 മെയ് 2010 (14:53 IST)
PRO
ടെലികോം കമ്പനികളുടെ ലയന ഏറ്റെടുക്കല്‍ നീക്കങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ടെലികോം നിയന്ത്രകരായ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ട്രായ് ചെയര്‍മാന്‍ ജെ എസ് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്.

നീക്കം ടെലികോം മേഖലയില്‍ കൂടുതല്‍ ഉണര്‍വ്വുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോള്‍ നിരക്കുകള്‍ കുറഞ്ഞതും ടെലികോം രംഗത്ത് മത്സരാത്മകത വര്‍ദ്ധിച്ചതുമാണ് ട്രായിയുടെ നീക്കത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.

ട്രായിയുടെ നിര്‍ദ്ദേശങ്ങള്‍ ഇനി ടെലികോം മന്ത്രാലയം അംഗീകരിക്കേണ്ടതുണ്ട്. ഇതിനുശേഷമാകും നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരിക. ഇരുപത്തിരണ്ട് സേവനമേഖലകളായിട്ടാണ് ടെലികോം പ്രവര്‍ത്തനങ്ങളെ ട്രായ് തരം തിരിച്ചിരിക്കുന്നത്. ഓരോ മേഖലയിലും ഒമ്പത് മുതല്‍ പതിന്നാല് ഓപ്പറേറ്റര്‍മാര്‍ വരെ ടെലിഫോണ്‍ സേവനം നല്‍കുന്നുണ്ട്.

ചൈന കഴിഞ്ഞാല്‍ മൊബൈല്‍ മേഖലയില്‍ രണ്ടാമത്തെ വമ്പന്‍ മാര്‍ക്കറ്റാണ് ഇന്ത്യ. 584 മില്യന്‍ മൊബൈല്‍ ഉപയോക്താക്കളാണ് രാജ്യത്തുള്ളത്. പതിനഞ്ചോളം ഓപ്പറേറ്റര്‍മാരാണ് ഈ സേവനം നല്‍കാനായി രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്.

നിലവിലെ നിയമമനുസരിച്ച് ലൈസന്‍സ് ലഭിച്ചുകഴിഞ്ഞാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഭൂരിപക്ഷം ഓഹരികള്‍ വിറ്റഴിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് അനുവാദമില്ല. ഒരു മേഖലയില്‍ രണ്ട് കമ്പനികള്‍ ലയിക്കുകയാണെങ്കില്‍ ലയിക്കുന്ന കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണം 30 ശതമാനത്തില്‍ കവിയരുതെന്ന വ്യവസ്ഥയും ഓപ്പറേറ്റര്‍മാര്‍ക്ക് വിലങ്ങുതടിയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :