വൈയാകരണനായ ശേഷഗിരി പ്രഭു

തലശ്ശേരിയില്‍ 1855 ഓഗസ്റ്റ് മൂന്നിനാണ് മാധവ ശേഷഗിരി പ്രഭു ജനിച്ചത്

T SASI MOHAN|

മലയാള ഭാഷയുടെ വ്യാകരണം അധികവും എഴുതിയത് വിദേശികളും അന്യഭാഷക്കാരുമാണ്. കേരള പാണിനി മാത്രമാണ് പ്രധാന അപവാദം.

മലയാളത്തിലെ വൈയ്യാകരണന്മാരില്‍ പ്രധാനിയാണ് മാധവ ശേഷഗിരി പ്രഭു. അദ്ദേഹം ജന്മം കൊണ്ട് കൊങ്ങിണിയാണെങ്കിലും കര്‍മ്മം കൊണ്ട് മലയാളിയായി.

കേരള പാണിനീയം എന്ന വ്യാകരണ ഗ്രന്ഥം സമ്പൂര്‍ണമാണെന്നും മറ്റൊരു മറ്റൊരു വ്യാകരണ ഗ്രന്ഥത്തിന് ഇനി പ്രസക്തിയില്ലെന്നും കരുതിയിരുന്ന കാലത്താണ് ശേഷഗിരി പ്രഭുവിന്‍റെ വ്യാകരണമിത്രം പുറത്തിറങ്ങുന്നത്.

കേരള പാണനീയത്തിലെ പല വാദങ്ങളുടെയും മുനയൊടിക്കുന്നതായിരുന്നു പ്രഭുവിന്‍റെ നിഗമനങ്ങള്‍.

1904ല്‍ കോഴിക്കോട്ട് നിന്നാണ് വ്യാകരണ മിത്രം ആദ്യം അച്ചടിച്ചിറക്കിയത്. അതിനു ശേഷം മൂന്നു പതിപ്പുകള്‍ ഇറക്കി. 1919ല്‍ മൂന്നാം പതിപ്പ് ഇറങ്ങുന്നതിന് മുമ്പ് അദ്ദേഹം അന്തരിച്ചിരുന്നു.

പരിഷ്ക്കരിച്ച നാലാം പതിപ്പ് 1922 ജൂ ണ്‍ 15നാണ് പ്രസിദ്ധീകരിച്ചത്. മംഗലാപുരത്തെ കാറ്ററീസ് മിഷന്‍ പ്രസിലാണ് കൃതി അച്ചടിച്ചത്. സാഹിത്യ അക്കാദമി 1983 ഡിസംബര്‍ അഞ്ചിന് ഇതിന്‍റെ അഞ്ചാം പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

തലശ്ശേരിയില്‍ 1855 ഓഗസ്റ്റ് മൂന്നിനാണ് മാധവ ശേഷഗിരി പ്രഭു ജനിച്ചത്. മലയാളം ബി.എ പാസായി. സ്കൂളില്‍ മലയാളം പണ്ഡിറ്റായി ജോലി ചെയ്തു. പിന്നെ ഡപ്യൂട്ടി ഇന്‍സ്പെക്ടറായി.

തലശ്ശേരിയിലെ ഭാഷാപോഷിണി സഭയില്‍ വ്യാകരണ ചര്‍ച്ചകളില്‍ പങ്കെടുത്തു തുടങ്ങിയ ശേഷഗിരി പ്രഭു അക്കാലത്തു തന്നെ വൈയ്യാകരണന്‍ എന്ന നിലയില്‍ പേരെടുത്തിരുന്നു.

എം.എ. ബിരുദമെടുത്ത ശേഷം മംഗലാപുരം, രാജമുന്‍ട്രി എന്നിവിടങ്ങളില്‍ കോളജ് അധ്യാപകനായും പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു.

ഉദ്യോഗത്തില്‍ നിന്ന് പിരിഞ്ഞ് തിരുമല ദേവസ്വം ഹൈസ്കൂളില്‍ മൂന്നു വര്‍ഷം ഹെഡ്മാസ്റ്ററായിരുന്നു. കൊച്ചി മഹാരാജാവില്‍ നിന്ന് സാഹിത്യ കുശാലന്‍ ബഹുമതി ലഭിച്ചിട്ടുണ്ട്.

വ്യാകരണമിത്രം, വ്യാകരണ ദര്‍ശം തുടങ്ങി അഞ്ച് വ്യാകരണ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ചില വിവരണങ്ങളും വത്സരാജചരിതം, ശ്രീഹര്‍ഷ ചരിതം, നാഗാനന്ദം, വേദവ്യാസന്‍ തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

1916 മെയ് 24ന് അന്തരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :