സെക്സ് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നോ? സ്ഥിരമായി സെക്സില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാര്‍ക്ക് ഹൃദ്രോഗത്തില്‍ നിന്ന് രക്ഷനേടാനാവുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.
ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇണയുമായി ശാരീരിക ബന്ധം പുലര്‍ത്തുന്ന പുരുഷന്‍മാര്‍ക്ക് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്നാണ് അമേരിക്കന്‍ ഗവേഷകര്‍ പറയുന്നത്. എന്നാല്‍, സ്ഥിരമായുള്ള ശാരീരിക ബന്ധം സ്ത്രീകള്‍ക്ക് ഗുണം ചെയ്യുമോ എന്ന് പറയാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല.
സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത മാസത്തില്‍ ഒരു തവണ മാത്രം ബന്ധപ്പെടുന്നവരെക്കാള്‍ 45 ശതമാനം കുറവാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 1000 പുരുഷന്മാരില്‍ നടത്തിയ പഠനമാണ് ഗവേഷകരെ ഈ കണ്ടെത്തലിനു സഹായിച്ചത്.
മസാച്ചുസെറ്റ്സ് സര്‍വകലാശാല ഗവേഷകര്‍ 1987 മുതല്‍ തുടര്‍ന്നു വന്ന പഠനത്തിലാണ് പുരുഷന്മാരുടെ ഹൃദയാരോഗ്യവും ലൈംഗികതയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് തെളിഞ്ഞത്. പഠനത്തിനായി, 40നും 70 നും മധ്യേ പ്രായമുള്ളവരെയാണ് നിരീക്ഷണ വിധേയമാക്കിയത്.
സെക്സ് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് നല്ലതാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, ഹൃദയാരോഗ്യത്തെ സ്വാധീനിക്കുമെന്നതിന് ഇതുവരെയായും ശാസ്ത്രീയ പിന്തുണ ലഭിച്ചിട്ടില്ല.