നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ എല്ലാവര്‍ക്കും ഇഷ്ടമാണ്, ബഹുമാനവുമാണ്. മലയാള സിനിമയിലെ ‘അപൂര്‍വ ജീനിയസ്’ ആയാണ് ശ്രീനിയെ ഏവരും കരുതുന്നത്. എന്നാല്‍ ഇടയ്ക്കിടെ ചില ‘അടിച്ചുമാറ്റല്‍‘ ആരോപണങ്ങളില്‍ ശ്രീനി കുടുങ്ങാറുണ്ട്. ഇപ്പോഴിതാ, ശ്രീനിവാസന്‍ തിരക്കഥ മോഷ്ടിച്ചതായി ആരോപിച്ച് ഒരാള്‍ രംഗത്തെത്തിയിരിക്കുന്നു.
‘ഒരുനാള്‍ വരും’ എന്ന പുതിയ ചിത്രത്തിന്‍റെ തിരക്കഥ മോഷണമാണെന്ന ആരോപണവുമായാണ് മുക്കം സ്വദേശിയായ കെ വി വിജയന്‍ എന്ന അധ്യാപകന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
ഈ തിരക്കഥയുമായി ശ്രീനിവാസനെ സമീപിച്ചപ്പോള്‍ “ഇതില്‍ കോമഡിയില്ല” എന്ന കാരണം പറഞ്ഞ് തന്നെ ശ്രീനിവാസന്‍ ഒഴിവാക്കിയതായി വിജയന്‍ പറയുന്നു. ‘ഈ കളിവീട്ടില്‍ നിന്ന്’ എന്ന ഈ തിരക്കഥ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതേ കഥയാണ് ‘ഒരുനാള്‍ വരും’ എന്ന് മനസിലാക്കിയാണ് താന്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും വിജയന്‍ പറയുന്നു.
ഇത് പരിഗണിച്ച കോടതി മേയ് 31 വരെ ‘ഒരുനാള്‍ വരും’ റിലീസ് ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചു. മേയ് 14ന് ഈ സിനിമ റിലീസ് ചെയ്യുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. അതിനാലാണ് 31 വരെ റിലീസ് തടഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം റിലീസ് ഡേറ്റ് ജൂണ്‍ 25 ആയി നിര്‍മ്മാതാവ് മണിയന്‍പിള്ള രാജു പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോടതി വിലക്ക് നീട്ടുമെന്നാണ് സൂചന.
ടി കെ രാജീവ്‌കുമാര്‍ സംവിധാനം ചെയ്യുന്ന ഒരുനാള്‍ വരും സാമൂഹ്യവിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു ഫാമിലി സ്റ്റോറിയാണ്. മോഹന്‍ലാലും ശ്രീനിവാസനും സമീര റെഡ്ഡിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശ്രീനി മുമ്പ് തിരക്കഥയെഴുതിയ ‘കഥ പറയുമ്പോള്‍’ മോഷണമാണെന്ന് ആരോപണമുണ്ടായിരുന്നു. ശ്രീനിയുടെ ഉദയനാണ് താരം, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്നീ സിനിമകള്‍ ഹോളിവുഡ് സിനിമകളുടെ അനുകരണമാണെന്നും ആരോപണങ്ങള്‍ വന്നിരുന്നു.