മലയാള സിനിമയിലെ ചിരിക്കുന്ന വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പുത്തന്‍ മാനം നല്‍കിയ നടനായിരുന്നു നരേന്ദ്രപ്രസാദ്.
സിനിമയില്‍ മാത്രമൊതുങ്ങിനില്‍ക്കാത്ത , സാഹിത്യത്തിലും അധ്യാപനത്തിലുമെല്ലാം കഴിവു തെളിയിച്ച, അപൂര്‍വ്വ പ്രതിഭ കൂടിയായിരുന്നു അദ്ദേഹം.
മലയാളത്തിലെ എണ്ണം പറഞ്ഞ നിരൂപകരിലൊരാളായിരുന്നു. നാടകകൃത്ത്, നാടകനടന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തിയില്‍ നില്‍ക്കുമ്പോഴാണ് സിനിമയിലെത്തുന്നത്.
തുടര്‍ന്ന് മലയാള സിനിമയില്‍ സ്വഭാവ, വില്ലന്‍ നടന്‍മാരില്‍ പ്രമുഖനായിമാറിയ നരേന്ദ്ര പ്രസാദ് മരണം വരെയും അഭിനയരംഗത്ത് നിറസാനിധ്യമായി. അദ്ദേഹത്തിന്‍റെ നാലാം ചരമ വാര്‍ഷിക ദിനമാണ് 2007, നവംബര്‍ 3.
വി. രാഘവക്കുറുപ്പിന്‍റെയും പി. ജാനകിയമ്മയുടെയും മകനായി 1946 ഡിസംബര്‍ 26ന് മാവേലിക്കരയില്‍ നരേന്ദ്രപ്രസാദ് ജനിച്ചു. 2003 നവംബര്‍ 3ന് ആയിരുന്നു അന്ത്യം
മാവേലിക്കര ഗവ.ഹൈസ്കൂള്‍, പന്തളം, എന്‍.എസ്.എസ്. കോളജ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജും കോട്ടയം ഗവ. കോളജും ഉള്‍പ്പൈടെ ഒട്ടേറെ കോളജുകളില്‍ ഇംഗ്ളീഷ് പ്രഫസറായിരുന്നു.
1989 മുതല്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടര്‍, സാഹിത്യ-കലാനിരൂപകനും നാടകകൃത്തും നടനും വാഗ്മിയു. "നാട്യഗൃഹം' എന്ന നാടകസംഘം സ്ഥാപിച്ച് നാടകങ്ങള്‍ അവതരിപ്പിച്ചു.
ഭാവുകത്വം മാറുന്നു, നിഷേധികളെ മനസ്സിലാക്കുക, അരങ്ങും പൊരുളും, ആധുനികതയുടെ മദ്ധ്യാഹ്നം, എന്‍റെ സാഹിത്യ നിരൂപണങ്ങള്‍, ജാതി പറഞ്ഞാലെന്ത് ? (നിരൂപണങ്ങള്‍), സൗപര്‍ണിക, വെള്ളിയാഴ്ച, പടിപ്പുര, കുമാരന്‍ വരുന്നില്ല (ഏകാങ്കങ്ങള്‍) ഇവയാണ് കൃതികള്‍.
ശ്രീകുമാറിന്‍റെ "അസ്ഥികള്‍ പൂക്കുന്നു'എന്ന ചിത്രത്തിന്‍റെ തിരക്കഥയില്‍ പങ്കാളിയായി സിനിമയിലേക്കു കടന്ന അദ്ദേഹം അതിലൊരു പ്രധാന വേഷവും ചെയ്തു.ഇടയ്ക്ക് ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങി ചില സിനിമകളില്‍ ശബ്ദം നല്‍കി.