നെല്ലിക്കോടിനെ ഓര്‍ക്കുമ്പോള്‍

മലയാള സിനിമയില്‍ കോഴിക്കോടന്‍ പെരുമയുടെ വക്താക്കളിലൊരാളാണ് നെല്ലിക്കോട് ഭാസ്കരന്‍.

40 കൊല്ലത്തോളം സിനിമാ രംഗത്തും നാടക രംഗത്തും പ്രവര്‍ത്തിച്ച ഭാസ്കരമേനോന്‍ എന്ന നെല്ലിക്കോട് ഭാസ്കരന്‍ ഒട്ടേറെ നല്ല കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ചിട്ടുണ്ട്.

1988 ഓഗസ്റ്റ് 11നാണ് നെല്ലിക്കോട് ഭാസ്കരന്‍ നമ്മെ വിട്ടുപിരിഞ്ഞത്.

ആദ്യകാലസിനിമകളില്‍ മുസ്ളീം കഥാപാത്രങ്ങളെയാണ് അദ്ദേഹം കൂടുതല്‍ അവതരിപ്പിച്ചിച്ചത്. അതിനൊരു പ്രത്യേക മികവും നെല്ലിക്കോടിനുണ്ടായിരുന്നു. ഓളവും തീരവും, മരം തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം.

കഥാപാത്രങ്ങളെ യഥാര്‍ത്ഥ മനുഷ്യരായി അവതരിപ്പിക്കാന്‍ നെല്ലിക്കോടിനു കഴിഞ്ഞു.മരം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അരാര്‍ഡ് നെല്ലികോടിനെ തേടിയെത്തി .

കോഴിക്കോട്ടെ അമച്വര്‍ നാടകവേദിയിലെയും, കുതിരവട്ടത്തെ ദേശപോഷിണി വായനശാലയുടെ കലാസമിതിയിലേയും പ്രവര്‍ത്തകനും നടനുമായിരുന്നു നെല്ലിക്കോട് ഭാസ്കരന്‍. ഭാസ്കരന്‍റെ അനുജത്തി കോമളവും, തറവാടി പെണ്ണുങ്ങള്‍ വരാന്‍ മടിച്ചുനിന്ന നാടക രംഗത്ത് - അന്ന് സജീവമായി പങ്കെടുത്തിരുന്നു.

പലപ്പോഴും യാഥാര്‍ഥ്യമെന്നു തോന്നും മട്ടിലാണ് നെല്ലിക്കോടന്‍ അഭിനയിക്കാറ്. ഒരിക്കല്‍ ഒരു നാടകത്തില് അഭിനയിക്കുന്പോള്‍ ആരെങ്കിലും ഒരിറ്റ് വെള്ളം തരൂ എന്നു കരഞ്ഞു പറഞ്ഞ നെല്ലിക്കോടിന് കര്‍ട്ടനു പിന്നില്‍ നിന്ന ഒരാള്‍ വെള്ളം കൊടുത്തതായി ഒരു കഥയുണ്ട്.

കെ.പി.ഉമ്മര്‍, കുഞ്ഞാണ്ടി, ബാലന്‍ കെ.നായര്‍, വാസുപ്രദീപ്, ശാന്താദേവി, കുതിരവട്ടം പപ്പു, കുഞ്ഞാവ, എന്നീപ്രമുഖരടങ്ങുന്നതായിരുന്നു അന്ന് കോഴിക്കൊട്ടെ നാടകവേദി.

അയത്നലളിതമായ അഭിനയമാണ് നെല്ലിക്കോടിന്‍റെ സവിശേഷത. നാടകത്തിന്‍റെ സ്വാധീനം ഒരല്‍പം നെല്ലിക്കോടിന്‍റെ അഭിനയത്തില്‍ കണ്ടെന്നിരിക്കാം. അതുപോലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരു കോഴിക്കോടന്‍ ചുവയും കണ്ടേക്കാം.

വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തില്‍ സുകുമാരന്‍റെ ഡ്രൈവറായി അഭിനയിച്ചതില്‍ പിന്നെ കാര്യമായ വേഷങ്ങളൊന്നും നെല്ലിക്കോട് ചെയ്തിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine