ദ്രോണയും ബോഡീഗാര്‍ഡും പൊട്ടി: വിതരണക്കാര്‍!

Drona
WEBDUNIA|
PRO
PRO
മമ്മൂട്ടി - ഷാജി കൈലാസ് ടീമിന്റെ ദ്രോണ, ദിലീപ് - നയന്‍‌താര - സിദ്ദിക്ക് ടീമിന്റെ ബോഡീഗാര്‍ഡ് എന്നിവ പരാജയപ്പെട്ട സിനിമകളാണെന്ന് മലയാളം സിനിമാ ഡിസ്ട്രിബ്യൂട്ടേഴ്സ്‌ അസോസിയേഷന്‍. കേരളത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും ബോളിവുഡില്‍ നിന്നും എത്തുന്ന സിനിമാ നിര്‍മാതാക്കളുടെ കൊയ്ത്ത്‌ തടയാന്‍ വിതരണക്കാരുടെ സംഘടന വിളിച്ചുകൂട്ടിയ അടിയന്തിര യോഗത്തിലാണ് ബോഡി ഗാര്‍ഡ്‌, ദ്രോണ, ആഗതന്‍, ബ്ലാക്ക്‌ സ്റ്റാലിയ എന്നീ ചിത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടി എന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസ്‌ സി മുണ്ടാടന്‍ വെളിപ്പെടുത്തിയത്.

“സംസ്ഥാനത്ത്‌ മറുനാടന്‍ സിനിമകളുടെ കൊയ്ത്ത്‌ തടയാന്‍ ഞങ്ങള്‍ നിയന്ത്രണം കൊണ്ടുവരികയാണ്. മലയാള സിനിമകളുടെ തകര്‍ച്ച മുതലെടുത്ത്‌ മറുനാടന്‍ സിനിമാ നിര്‍മാതാക്കള്‍ നിരക്ക്‌ കൂട്ടിയതും താരമൂല്യമുള്ള ചിത്രങ്ങളുടെ കുത്തൊഴുക്ക്‌ കൂടിയതുമാണ്‌ ഞങ്ങളെ കടുത്ത നടപടിക്ക്‌ പ്രേരിപ്പിച്ചത്‌. മെയ്‌ ഒന്നു മുതല്‍ നിയന്ത്രണം നടപ്പില്‍ വരുത്താനാണ്‌ ജനറല്‍ബോഡി തീരുമാനം. അന്യഭാഷ ചിത്രങ്ങള്‍ റിലീസ്‌ ചെയ്ത്‌ 14 ദിവസത്തിനുശേഷം മാത്രം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ മതി എന്നതാണ്‌ പ്രധാന തീരുമാനം. മറുനാടന്‍ സിനിമകളുടെ നിരക്ക്‌ കുറയ്ക്കാതെ മെയ്‌ മുതല്‍ വിതരണത്തിന്‌ എടുക്കുകയുമില്ല. അന്യഭാഷാ ചിത്രങ്ങളുടെ കുത്തൊഴുക്കില്‍ മലയാള സിനിമകളെ നിലനിര്‍ത്താനും വിതരണക്കാര്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം നികത്താനുമാണ്‌ ഈ നിയന്ത്രണങ്ങള്.‍”

“മലയാള ചിത്രങ്ങളുടെ ഇരട്ടിയിലേറെ അന്യഭാഷാ ചിത്രങ്ങളാണ്‌ അടുത്തകാലത്ത്‌ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. കഴിഞ്ഞവര്‍ഷം റിലീസ്‌ ചെയ്ത 140 തമിഴ്‌ ചിത്രങ്ങളില്‍ 120 എണ്ണം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചു. മുപ്പതോളം തെലുങ്ക്‌, ഹിന്ദി ചിത്രങ്ങളും എത്തി. തമിഴിലെ വിജയ്‌, സൂര്യ, വിക്രം, ഭരത്‌ എന്നീ നായകരുടെ സിനിമകള്‍ സൂപ്പര്‍ഹിറ്റായി. എന്നാല്‍, ബാക്കി ചിത്രങ്ങള്‍ വിതരണക്കാരന്റെ പണം നഷ്ടമാക്കിയെന്ന്‌ അസോസിയേഷന്‍ പറയുന്നു. വിരലിലെണ്ണാവുന്ന മലയാള സിനിമകള്‍ മാത്രമാണ്‌ സാമ്പത്തികവിജയം നേടിയത്‌. വന്‍ താരനിരയോടെ ഇറങ്ങിയവ പോലും പരാജയപ്പെട്ടു. ബോഡി ഗാര്‍ഡ്‌, ദ്രോണ, ആഗതന്‍, ബ്ലാക്ക്‌ സ്റ്റാലിയ എന്നിവ അതില്‍ ചിലത് മാത്രം. സ്വീകാര്യത കൂടിയതോടെ അന്യഭാഷാ ചിത്രങ്ങള്‍ക്ക്‌ ഇവിടെ വിതരണക്കാര്‍ കൂടിയതാണ്‌ നിരക്ക്‌ വര്‍ധനയ്ക്കു കാരണം. മുമ്പ്‌ അഞ്ചും പത്തും ലക്ഷത്തിനാണ്‌ വിതരണാവകാശം കിട്ടിയത്‌. എന്നാല്‍, വിജയ്‌ ചിത്രത്തിന്‌ ഇപ്പോള്‍ രണ്ടു കോടിയാണ്‌ വില. ആ വിലയ്ക്കും ഇവിടെ നിന്നുള്ളവര്‍ മത്സരിച്ച്‌ വിതരണത്തിന്‌ എടുക്കാന്‍ തുടങ്ങിയതോടെ സാമ്പത്തികനഷ്ടം ഉണ്ടാകുന്നു” - ജോസ്‌ സി മുണ്ടാടന്‍ പറഞ്ഞു.

വിജയ്, രജനീകാന്ത്, വിക്രം, സൂര്യ, അജിത്, അല്ലി അര്‍ജ്ജുന്‍ തുടങ്ങിയ സൂപ്പര്‍ ഡ്യൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്ക് റിലീസ്‌ ചെയ്ത്‌ 14 ദിവസം വരെ കേരളത്തില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് എത്രത്തോളം ഫലപ്രദമാകുമെന്നറിയില്ല. വ്യാജ ഡിവിഡിയും ഇന്റര്‍നെറ്റും പുതിയ സിനിമകള്‍ക്ക് ഭീഷണിയായിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആദ്യദിവസങ്ങളിലെ കളക്ഷനാണ് നല്ല സിനിമകളെ രക്ഷിച്ചെടുക്കുന്നത്. മറുനാടന്‍ സിനിമകള്‍ക്ക് മലയാളം സിനിമാ ഡിസ്ട്രിബ്യൂട്ടേഴ്സ്‌ അസോസിയേഷന്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ക്ക് മറുനാടന്‍ സിനിമാ മേഖലയില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിടേണ്ടിവരുമെന്ന് തീര്‍ച്ച!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :