ദ്രോണ പൊട്ടിയത് തിലകന്റെ ശാപം കാരണം?

Thilakan
WEBDUNIA|
PRO
PRO
വാര്‍ദ്ധക്യസംബന്ധങ്ങളായ അസുഖങ്ങളും മുഖത്തെ നീരും കഷ്ടപ്പെടുത്തിയിരുന്ന തന്നോട് ദയാദാക്ഷിണ്യമില്ലാതെയാണ് മമ്മൂട്ടി പെരുമാറിയതെന്ന് നടന്‍ തിലകന്‍ പരോക്ഷമായി പറഞ്ഞു. വെള്ളിയാഴ്ച ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് തിലകന്‍ മമ്മൂട്ടിയുടെ ദയാരഹിത പെരുമാറ്റത്തെ പറ്റി സൂചിപ്പിച്ചത്. ദ്രോണയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് അതുണ്ടായതെത്രെ. അഭിമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ -

“ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തുമ്പോള്‍ എനിക്ക് തീരെ വയ്യായിരുന്നു. കണ്ണൊക്കെ ചുവന്ന്, മുഖം നീരുവന്ന് വീര്‍ത്ത്. മമ്മൂട്ടിയും ഞാനും തമ്മിലുള്ള ഒരു കോമ്പിനേഷന്‍ സീനാണ് ചിത്രീകരിക്കേണ്ടത്. ഞാനും നവ്യാനായരും ഒരു കാറില്‍ യാത്ര ചെയ്യുമ്പോള്‍ മമ്മൂട്ടി എതിര്‍‌വശത്തുനിന്ന് കാറില്‍ വരുന്നു, ഞങ്ങളെ തടയുന്നു. എന്നിട്ട് ഒന്നുരണ്ട് ഡയലോഗുകള്‍ പറഞ്ഞ് നവ്യയെ കാറില്‍ നിന്നിറക്കിക്കൊണ്ടുപോകുന്നു. ഇതായിരുന്നു ചിത്രീകരിക്കേണ്ട സീന്‍.”

“എന്റെ മുഖം നീരുവന്ന് വീര്‍ത്തിരിക്കുകയാണെന്ന് കണ്ടാലും അതിന്റെ പോസ്റ്ററുകള്‍ കണ്ടാലും മനസിലാകും. ഞാന്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഷാജി കൈലാസ് അടുത്തുവന്ന് സംഭവം തിരക്കി. എന്റെ അസുഖം കണ്ട് ഷാജിക്ക് വിഷമം തോന്നി. ഞാന്‍ പറഞ്ഞു, ‘ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കാം.. കുഴപ്പമില്ല, സീന്‍ എടുക്കാം’. കുറച്ചുകഴിഞ്ഞാണ് മമ്മൂട്ടി ലൊക്കേഷനില്‍ എത്തിയത്. ആരോ പറഞ്ഞിട്ടാവണം, എന്റെ മുഖത്ത് നീരുള്ളതിനെ പറ്റി മമ്മൂട്ടി അറിഞ്ഞു. ഞാന്‍ ഇരുന്ന കാറിന്റെ അടുത്തുവന്ന മമ്മൂട്ടി കാറിന്റെ വിന്‍ഡോ ഷീല്‍ഡ് താഴ്ത്തി, എന്റെ മുഖം കണ്ടിട്ട് എന്നോട് ചോദിച്ചു, ‘സുഖമില്ല അല്ലേ?’. തുടര്‍ന്ന് മമ്മൂട്ടി ഷാജിയോട് പറഞ്ഞു, ‘സീന്‍ വേഗമെടുക്കണം’ എന്ന്.”

“ഞാന്‍ സീന്‍ പൂര്‍ത്തിയാക്കി, നേരെ തിരുവനന്തപുരത്തേക്ക് വന്നു. അസുഖം മൂര്‍ച്ഛിച്ചതിനാല്‍ എന്നെ ആശുപത്രിയില്‍ ഐസിയുവിലാക്കി. ആറ്‌ ദിവസമാണ് ഓക്സിജന്‍ മാസ്കും ഇട്ടുകൊണ്ട് ഞാന്‍ കിടന്നത്. ‘മരണം വരെ സംഭവിച്ചേക്കാം’ എന്ന് ഞാനെന്റെ അസുഖത്തെ പറ്റി പറഞ്ഞത് ചിലര്‍ തമാശയായി എടുത്തിട്ടുണ്ടാകാം. എന്നാല്‍ ഞാനതെന്റെ മനസില്‍ തട്ടി പറഞ്ഞതായിരുന്നു. ആരെയും ബുദ്ധിമുട്ടിക്കാതെ, ഞാന്‍ ദ്രോണയിലെ ആ സീന്‍ അഭിനയിച്ചുതീര്‍ത്തു, എനിക്ക് കഠിനമായ അസുഖമായിട്ടും” - തിലകന്‍ പറഞ്ഞു.

തിലകന്‍ പറഞ്ഞത് ശരിയാണെങ്കില്‍ ഒരു സീനിയര്‍ നടനോട് പെരുമാറേണ്ട പോലെയല്ല മമ്മൂട്ടി പെരുമാറിയത്. തിലകന്റെ അസുഖം മാറുന്നതുവരെ കോമ്പിനേഷന്‍ സീന്‍ എടുക്കുന്നത് വൈകിക്കാമായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഒരു സീനിയര്‍ നടന്റെ കണ്ണീര്‍ കാണാന്‍ മമ്മൂട്ടിക്ക് കണ്ണില്ലാതെ പോയതാണോ ദ്രോണ എന്ന സിനിമ തകര്‍ന്നടിയാന്‍ കാരണം?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :