‘വിജയ‘സ്മൃതിക്ക് ഇന്ന് രണ്ട് വര്‍ഷം

WEBDUNIA|
PRO
ഇടതുപക്ഷ ചിന്തകനും സാഹിത്യകാരനും പ്രഭാഷകനുമായിരുന്ന എം.എന്‍ വിജയന്‍ ഓര്‍മ്മയായിട്ട് ഇന്ന്‌ രണ്ട് വര്‍ഷം. പ്രഭാഷണത്തിലൂടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കനല്‍ തിളക്കുന്നതില്‍ എന്നും വിജയിച്ചിരുന്ന മാഷ് തന്റെ അന്ത്യ നിമിഷങ്ങളിലും വാക്കുകളിലൂടെ വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍ തുടങ്ങുകയായിരുന്നു എന്നത് യാദൃശ്ചികമാവാം.

തൃശൂര്‍ പ്രസ്‌ ക്ലബില്‍ പാഠം പ്രതികരണ വേദിക്ക് വേണ്ടി വാര്‍ത്താസമ്മേളനം നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. സമ്മേളനം തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. “പാഠം മുന്നോട്ട് വച്ച ഭാഷയെയാണ് എല്ലാവരും വിമര്‍ശിച്ചത്. ഭാഷാ ചര്‍ച്ചയിലാണ് നമ്മുടെ രാഷ്ട്രീയ ചര്‍ച്ച. കേള്‍ക്കണമെങ്കില്‍ ഈ ഭാഷ വേണമെന്ന് പറഞ്ഞത് ബര്‍ണാഡ് ഷായാണ്”, ഇത്രയും പറഞ്ഞുകൊണ്ട് എം.എന്‍.വിജയന്‍ ഒന്നു ചിരിച്ചു. തുടര്‍ന്ന് അദ്ദേഹം കുഴഞ്ഞു വീണു. ആ സമയത്ത്, പുരോഗമന സാഹിത്യ രംഗത്തെ ഈ നക്ഷത്രം എന്നന്നേക്കുമായി പൊലിഞ്ഞു എന്ന് സമ്മേളനത്തിനെത്തിയവരില്‍ പലര്‍ക്കും മനസ്സിലായില്ല, അല്ലെങ്കില്‍ മനഃപൂര്‍വം വിശ്വസിച്ചില്ല.

വാര്‍ത്താ സമ്മേളനത്തിനായി കൊടുങ്ങല്ലൂരില്‍ നിന്നും എം.എന്‍.വിജയന്‍ പ്രസ്ക്ലബ് ഹാളിലെത്തിയപ്പോള്‍ മറ്റൊരു വാര്‍ത്താസമ്മേളനം നടക്കുന്നതിനാല്‍ പ്രസ് ക്ലബിന്‍റെ മുറിയിലേക്ക് പോയി. അല്പ സമയം കഴിഞ്ഞ് വാര്‍ത്താസമ്മേളനം തുടങ്ങിയ മാഷ് ഇടയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഹാളിലെ എ.സി ഓഫ് ചെയ്യുകയും കുടിക്കാന്‍ ചൂടു വെള്ളം കൊടുക്കുകയും ചെയ്തു. ഇതിന് ശേഷം സംസാരിച്ചു തുടങ്ങിയ അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ ദേഹമുപേക്ഷിച്ച് പറന്നകന്നിരുന്നു.

ഒരേ സമയം ജനകീയതയ്ക്കും പുരോഗതിയ്ക്കും വേണ്ടി ചെലവിട്ട ജീവിതമായിരുന്നു എം.എന്‍.വിജയന്‍റേത്. 1930 ജൂണ്‍ എട്ടിന്‌ കൊടുങ്ങല്ലൂരിനടുത്ത ലോകമലേശ്വരത്ത്‌ പതിയാശേരീല്‍ നാരായണമേനോന്‍റെയും മൂളിയില്‍ കൊച്ചമ്മുവിന്‍റെയും മകനായി ജനിച്ച വിജയന്‍ മാഷ്‌ സാഹിത്യ രംഗത്ത് ഒട്ടേറെ നല്ല സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

പ്രഗത്ഭനായ അധ്യാപകനും നിരവധി കൃതികളുടെ കര്‍ത്താവുമായിരുന്നു അദ്ദേഹം. കവിതയും മനശാസ്ത്രവും,ശീര്‍ഷാസനം, മരുഭൂമികള്‍ പൂക്കുമ്പോള്‍, അടയുന്ന വാതില്‍ തുറക്കുന്ന വാതില്‍, കാഴ്ചപ്പാട്, എം.എന്‍.വിജയന്‍റെ പ്രഭാഷണങ്ങള്‍, വാക്കും മനസും തുടങ്ങി നിരവധി കൃതികള്‍ അദ്ദേഹം രചിച്ചിരുന്നു.

കേസരി ബാലകൃഷ്ണ പിള്ളയുടെ പാരമ്പര്യത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട വിജയന്‍ ആ പാരമ്പര്യത്തിന് ആധുനികതയുടെ വെളിച്ചം നല്‍കി. വൈലോപ്പിള്ളിയുടെ മാമ്പഴം, കണ്ണീര്‍തടം, കുടിയൊഴിക്കല്‍, സഹ്യന്‍റെ മകന്‍ എന്നീ കവിതകള്‍ക്ക് അദ്ദേഹം നല്‍കിയ വ്യാഖ്യാനങ്ങള്‍ ഉന്നതമായ നിരൂപക മനസിന്‍റെ പ്രതിഫലനമായിരുന്നു.

ആള്‍ക്കൂട്ടത്തിന്‍റെ മനശാസ്ത്രം, നാടന്‍ കലയുടെ സൌന്ദര്യ ശാസ്ത്രം, ഫാസിസത്തിന്‍റെ ചരിത്രപരമായ പരിണാമം തുടങ്ങി ആധുനിക പ്രത്യയ ശാസ്ത്രവുമായി ബന്ധപ്പെട്ട് വിജയന്‍ നടത്തിയ നിരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും കാമ്പുള്ളതായിരുന്നു. എഴുത്തിനെക്കാള്‍ പ്രഭാഷണമായിരുന്നു വിജയന്‍റെ ആവിഷ്കാര മാധ്യമം.

ദേശാഭിമാനി വീക്കിലിയുടെ എഡിറ്ററായി പ്രവര്‍ത്തിച്ച വിജയന്‍മാഷ്‌ പുരോഗമന കലാസാഹിത്യ സഹകരണ സംഘം (പു.ക.സ) പ്രസിഡന്‍റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സാഹിത്യ രംഗത്ത് ഒട്ടേറെ നല്ല സംഭവങ്ങള്‍ നല്‍കിയ വിജയന്‍ ഈ രംഗത്ത് നിന്നുമുള്ള പുരസ്കാരങ്ങള്‍ നിരസിച്ചിരുന്നു.

ശാരദയാണ് എം.എന്‍.വിജയന്‍റെ ഭാര്യ. പ്രശസ്ത തിരക്കഥാകൃത്ത് അനില്‍കുമാര്‍, ഡോ.സുജാത ബാലചന്ദ്രന്‍, സുനിത രാജഗോപാല്‍ എന്നിവര്‍ മക്കളാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം ശിഷ്യരും അനുവാചകരുമുള്ള നിരൂപക കേസരിയായിരുന്നു എം.എന്‍. വിജയന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :