അമൃത കുരുക്കില്‍, വീണ്ടും കേസെടുക്കാന്‍ ഉത്തരവ്

തിരുവനന്തപുരം| WEBDUNIA|
PRO
‘പെണ്ണായാല്‍ ഇങ്ങനെ വേണം’ എന്ന് അമൃതയെ പ്രശംസിച്ചവരൊക്കെ ഇപ്പോള്‍ മൂക്കത്ത് വിരല്‍‌വയ്ക്കുകയാണ്. പൂവാലന്‍‌മാരെ തല്ലിയോടിച്ച തിരുവനന്തപുരം സ്വദേശിനി അമൃതയ്ക്കെതിരെ വീണ്ടും കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു.

അമൃതയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ മനോജ് നല്‍കിയ ഹര്‍ജിയിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. അന്യായമായി തടഞ്ഞുവയ്ക്കല്‍, മര്‍ദ്ദിച്ച് പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

പെണ്‍കുട്ടിയുടെ മര്‍ദ്ദനമേറ്റ രണ്ടാം പ്രതി പ്രാവച്ചമ്പലം സ്വദേശി അനൂപ്‌ നല്‍കിയ പരാതിയില്‍ അമൃതയ്ക്കെതിരെ കേസെടുക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. അമൃതയ്ക്കും അച്ഛന്‍ മോഹന്‍കുമാറിനും കണ്ടാലറിയാവുന്ന മറ്റ്‌ മൂന്നു പേര്‍ക്കുമെതിരേ കേസെടുക്കാനായിരുന്നു ഉത്തരവ്‌.

വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. വണ്‍ ബില്യണ്‍ റൈസിംഗില്‍ പങ്കെടുത്ത് മടങ്ങവെ തിരുവനന്തപുരം ബേക്കറി ജംഗ്‌ഷനിലെത്തിയപ്പോഴാണ് വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ഇതിനിടയില്‍ യുവാക്കള്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും അസഭ്യം പറയുകയും ഇതില്‍ ക്ഷുഭിതയായ പെണ്‍കുട്ടി നാലംഗ സംഘത്തെ ആക്രമിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍ മൂക്കിന്‌ പരുക്കേറ്റ അനൂപ്‌ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, സര്‍ക്കാര്‍ വാഹനം തടഞ്ഞു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ്‌ അമൃതയുള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുക്കാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.

ഐടി അറ്റ്‌ സ്കൂളിന്‍റെ ഔദ്യോഗിക വാഹനത്തിലെ കരാര്‍ ഡ്രൈവര്‍മാരായിരുന്നു മനോജും അനൂപും‌. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഇവരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :