priyanka|
Last Modified ബുധന്‍, 27 ജൂലൈ 2016 (14:53 IST)
പക്ഷിയായി ജനിച്ചുവെന്നത് മാത്രമാണ് തന്റെ കുറ്റമെന്ന് ഇറോം ചാനു ശര്‍മ്മിളയുടെ കവിതയില്‍ പറയുന്നുണ്ട്. അതു സത്യമാണെന്ന് തോന്നിയപ്പോള്‍ തടവിലിട്ട ആ പക്ഷിയെ ആനംസ്റ്റി ഇന്റര്‍നാഷണല്‍ മനസാക്ഷിയുടെ തടവുകാരിയെന്ന് വിളിച്ചു. ലോകം കണ്ട ഏറ്റവും ദീര്‍ഘമായ ജനാധിപത്യ- സഹന പോരാട്ടത്തിനു ശേഷം മനസാക്ഷിയുടെ തടവറയില്‍ നിന്നും ഇറോം ശര്‍മ്മിള മോചിതയാവുകയാണ്. ഇനി തന്റെ കാമുകനൊപ്പം താന്‍ സ്വപ്‌നം കണ്ടതുപോലെ ഒരു ജീവിതം, അതിലുപരി ജനാധിപത്യത്തിന്റെ പോരാട്ട വേദിയായ തെരഞ്ഞെടുപ്പിലേക്കും. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ശര്‍മിള മത്സരിക്കുന്നത്.
മണിപ്പൂരിനെ പട്ടാള കരങ്ങള്‍ അടിച്ചമര്‍ത്തുന്ന പ്രത്യേക സായുധ അധികാര നിയമം(അഫ്‌സ്പ) പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ 16 വര്‍ഷമായി ഈറോം ശര്‍മ്മിള നിരാഹാരസമരം നടത്തിയത്. സമരം അവസാനിപ്പിക്കുന്നത് അഫ്‌സ്പ പിന്‍വലിച്ച ശേഷമല്ലെങ്കിലും തന്റെ സമരത്തിലൂടെ അവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ വിജയം നേടിക്കഴിഞ്ഞു. 2000 ഒക്ടോബറില്‍ അഫ്‌സ്പയെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷന്‍ എത്തുന്നതു വരെ ശര്‍മ്മിളയുടേത് സാധാരണ ജീവിതമായിരുന്നു. പിന്നീട് നവംബര്‍ രണ്ടിന് മാലോംമില്‍ അര്‍ധസൈനിക വിഭാഗം നടത്തിയ വെടിവയ്പില്‍ പത്തു ഗ്രാമീണര്‍ കൊല്ലപ്പെട്ടതോടെ ശര്‍മ്മിളയുടെ ഐതിഹാസികമായ സമരത്തിനും തുടക്കമായി. നിരാഹാരം അനിശ്ചിതമായി നീണ്ടതോടെ ശര്‍മ്മിളയുടെ ആരോഗ്യനില വഷളായി. ഇതോടെ ജീവന്‍ നിലനിര്‍ത്താനായി ഭരണകൂടം മൂക്കിലൂടെ ട്യൂബ് കടത്തി. പിന്നീട് 16 വര്‍ഷം ആ ട്യൂബിന്റെ ബലത്തില്‍ ശര്‍മ്മിളയുടെ സമരത്തിനു മുന്നില്‍ ഭരണകൂടം കടിച്ചു തൂങ്ങി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന് അവകാശപ്പെടുന്ന ഇന്ത്യയിലെ ഒരു സംസ്ഥാനം അനുഭവിക്കുന്ന സൈനിക ആധിപത്യത്തിന്റെ തിക്തഫലങ്ങള്‍ ലോകത്തെ അറിയിച്ചത് ശര്‍മ്മിളയുടെ സമരമാണ്. നിരാഹാരം പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത് ജനാധിപത്യം സാധ്യമാകുന്നതുവരെ സമരം തുടരുമെന്നാണ് ശര്‍മ്മിള ഇപ്പോഴും പറയുന്നത്. 15 വര്‍ഷം നിരാഹാരം നടത്തിയിട്ടും അഫ്‌സ്പ പിന്‍വലിക്കാത്ത ഭരണകൂടം 30 വര്‍ഷം കഴിഞ്ഞാലും തീരുമാനം മാറ്റില്ലെന്ന് അനുഭാവികള്‍ പറഞ്ഞിരുന്നത് ഒടുവില്‍ ശര്‍മിളയും അംഗീകരിച്ചു. രക്തസാക്ഷിയുടെ വീരചരമമല്ല താന്‍ ആഗ്രഹിക്കുന്നതെന്ന് ഒരിക്കല്‍ ശര്‍മ്മിള പറഞ്ഞിരുന്നു. അതുതന്നെയായിരിക്കാം സമരം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാനുള്ള തീരുമാനത്തിന് കാരണവും.
2014ല്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരാനുള്ള ക്ഷണം നിരസിച്ച ശര്‍മിള സ്വതന്ത്രസ്ഥാനാര്‍ത്ഥി ആയിട്ടായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക. ഒരു ജനതയ്ക്ക് വേണ്ടി ജീവിതത്തിന്റെ നല്ല കാലമത്രയും തന്റെ ഇഷ്‌ടങ്ങള്‍ മാറ്റിവെച്ച് ജീവിച്ച ഉരുക്കുവനിത മത്സരത്തിനിറങ്ങുമ്പോള്‍ കണ്ടില്ലെന്ന് നടിക്കാന്‍ മണിപ്പൂരിന് കഴിയില്ല. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അത് പുതിയ ചരിത്രം രചിക്കും. അധികാരം ലഭിച്ചാല്‍ ശര്‍മിള ആദ്യം ചെയ്യുന്നതും മണിപ്പൂരിനെ അസ്വസ്ഥമാക്കുന്ന കാടന്‍നിയമം നിരോധിക്കാനുള്ള നടപടികള്‍ ആയിരിക്കും. ജനാധിപത്യനിയമത്തിലെ കാരണങ്ങള്‍ നിരത്തി വോട്ട് ചെയ്യാന്‍ പോലും നിഷേധിക്കപ്പെട്ട ശര്‍മ്മിള അതേ ജനാധിപത്യത്തിലേക്ക് മത്സരാര്‍ത്ഥിയാകുന്നു. ജനപ്രാധിനിത്യ നിയമത്തിലെ സെക്ഷന്‍ 62(5) പ്രകാരം ജയിലിലടക്കപ്പെട്ട വ്യക്തിക്ക് വോട്ട് ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ലെന്ന കാരണം നിരത്തിയായിരുന്നു 2014ല്‍ ശര്‍മിളയ്ക്ക് വോട്ടവകാശം നിഷേധിച്ചത്.
കവി, സാമൂഹിക പ്രവര്‍ത്തക, മനുഷ്യാവകാശ പ്രവര്‍ത്തക, പത്രപ്രവര്‍ത്ത എന്നീ നിലകളില്ലെല്ലാം ലോകത്തിന് പരിചിതയായ ശര്‍മ്മിള ഇനി ഒരു പക്ഷേ മണിപ്പൂരിലെ ജനാധിപത്യ പ്രതിനിധിയായും അറിയപ്പെട്ടേക്കാം. ജനാധിപത്യത്തിലുള്ള വിശ്വാസം തനിക്ക് നഷ്ടപെട്ടിരിക്കുകയാണെന്നും ഒരിക്കലും വോട്ട് ചെയ്യില്ലെന്ന് കരുതിയതാണെന്നും അന്ന് ശര്‍മിള പറഞ്ഞു. പക്ഷേ മുള്ളിനെ മുള്ള് കൊണ്ട് എടുക്കുന്ന രീതിയാണ് ഉചിതമെന്ന് ശര്‍മ്മിളയും തിരിച്ചറിഞ്ഞിരിക്കുന്നു.