എന്താണ് വിനായക ചതുർഥി ? അറിയേണ്ടതെല്ലാം

Sumeesh| Last Modified ശനി, 8 സെപ്‌റ്റംബര്‍ 2018 (18:52 IST)
ശിവ ഭഗവാന്റെയും പാര്‍വതീ ദേവിയുടെയും പുത്രനായ മഹാ ഗണപതിയുടെ ജന്‍‌മ ദിനമാണ് വിനായക ചതുര്‍ഥി. ഹൈന്ദവ വിശ്വാസം അനുസരിച്ച് വിഘ്ന വിനായകനാ‍യ ഗണപതി ഭഗവാന്‍ ഭൂമിയിലെ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്ന ദിവസം കൂടിയാണിത്.

ശുക്ല ചതുര്‍ഥിക്ക് തുടങ്ങുന്ന വിനായക ഉത്സവം പത്ത് ദിനമാണ് നീണ്ട് നില്‍ക്കുന്നത്. അനന്ത ചതുര്‍ദശിക്കാണ് ആഘോഷങ്ങള്‍ അവസാനിക്കുക.

ഇപ്പോള്‍ കേരളത്തിലും പ്രാധാന്യം നേടുന്ന ഗണേശോത്സവങ്ങള്‍ക്ക് നിറമേറുന്നത് മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഈ സമയത്തെ ഗണപതി ആരാധന ബുദ്ധിയും സിദ്ധിയും ലഭിക്കാന്‍ ഉത്തമമാണെന്നാണ് വിശ്വാസം.

ആരാധന

ഗണേശോത്സവത്തിന് ഗണേശ വിഗ്രഹങ്ങള്‍ തയ്യാറാക്കി ആരാധിക്കുന്നത് പ്രധാനമാണ്. മനോഹരമായ ഗണേശ വിഗ്രഹങ്ങള്‍ തയ്യാറാക്കിയ ശേഷം ഒന്ന് മുതല്‍ പതിനൊന്ന് ദിവസം വരെ പൂജകള്‍ നടത്തും. ഈ കാലയളവില്‍ ഭഗവാന് ലഡു നേദിക്കുന്നത് പഴക്കം ചെന്ന വിശ്വാസത്തിന്റെ ആവര്‍ത്തനമാണ്.

പുരാണം

പാര്‍വതീ ദേവി നീരാട്ടിന് പോവും മുമ്പ് ശരീരത്തില്‍ തേച്ച് പിടിപ്പിച്ചിരുന്ന ചന്ദനം ഉരുട്ടിയെടുത്താണ് ഗണേശനെ സൃഷ്ടിച്ചത്. നീരാടാന്‍ പോവുമ്പോള്‍ ആരെയും അകത്തേക്ക് കടത്തി വിടരുത് എന്ന് ഗണേശനോട് പ്രത്യേകം പറഞ്ഞേല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ആസമയത്താണ് ശിവ ഭഗവാന്‍ പാര്‍വതീ ദേവിയെ സന്ദര്‍ശിക്കാനെത്തിയത്. അകത്തേക്ക് പോവുന്നത് തടഞ്ഞതില്‍ ക്രുദ്ധനായ ഭഗവാന്‍ ഗണപതിയുടെ തലയറുത്തു. പിന്നീട് സ്വന്തം പുത്രനെയാണ് വധിച്ചെതെന്ന് മനസ്സിലാക്കിയ ഭഗവാന്‍ ഒരു ആനയുടെ തല പകരം നല്‍കി ഗണപതിയെ പുനരുജ്ജീവിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :