'കപ്പേള' ഉടന്‍ ടിവിയിൽ, സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റിന് !

കെ ആര്‍ അനൂപ്| Last Modified ശനി, 25 ജൂലൈ 2020 (16:07 IST)
ഈ വർഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്നാണ് കപ്പേള. മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്ത കപ്പേളയ്ക്ക് രാജ്യമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകർക്ക് ഇടയിൽനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം മിനിസ്ക്രീൻ പ്രേക്ഷകർക്ക് അരികിലേക്ക് എത്തുകയാണ്. ഓണത്തിന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും. ചിത്രത്തിൻറെ നിർമ്മാതാവ് വിഷ്ണു വേണുവാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

കപ്പേളയുടെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കിയെന്നും ഓണച്ചിത്രമായാണ് സിനിമ മിനിസ്ക്രീനിൽ എത്തുകയെന്നും വിഷ്ണു ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ഒരു പെൺകുട്ടി ഒരു പ്രത്യേക സാഹചര്യത്തിൽ ഒരിടത്ത് കുടുങ്ങി പോകുകയും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. മനുഷ്യന്റെ മുന്‍ധാരണകൾ എങ്ങനെ തെറ്റായി പോകാമെന്നും കൂടി സിനിമ പറയാൻ ശ്രമിക്കുന്നു. ചിത്രത്തിൽ അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. കപ്പേള ഉടൻ തന്നെ മറ്റു ഭാഷകളിലും റീമേക്ക് ചെയ്യും. ചിത്രത്തിൻറെ തെലുങ്ക് പതിപ്പ് നിർമ്മിക്കാനുള്ള അവകാശം സ്വന്തമാക്കിയിരിക്കുന്നത് സിതാര എന്റർടൈൻമെന്റ്സ് ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :