'സ്വയരക്ഷയാണ് ഏറ്റവും പ്രധാനം': 15 വയസ്സുകാരനിൽ നിന്ന് താൻ നേരിട്ട ലൈംഗിക ചൂഷണത്തെക്കുറിച്ച് സുസ്‌മിത സെൻ

താൻ നേരിട്ട ലൈംഗിക ചൂഷണത്തെക്കുറിച്ച് സുസ്‌മിത സെൻ

Rijisha M.| Last Modified ചൊവ്വ, 22 മെയ് 2018 (13:11 IST)
സ്‌ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ കൂടിവരികയാണ്. സാധാരണക്കാരായ സ്‌ത്രീകൾക്കുനേരെയാണ് ഇത്തരത്തിലുള്ള അതിക്രമങ്ങൾ ഉണ്ടാകുക എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ തനിക്കുനേരിടേണ്ടിവന്ന ലൈംഗിക ചൂഷണം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി സുസ്‌മിത സെൻ.

സുരക്ഷിതമായ ബോർഡിഗാഡുകൾ എല്ലാ താരങ്ങൾക്കൊപ്പവും ഉണ്ടാകാറുണ്ട് അതുകൊണ്ടുതന്നെ അവർ വളരെ സുരക്ഷിതരാണെന്ന് നാം കരുതുന്നു. എന്നാൽ അവരുണ്ടെങ്കിലും സുരക്ഷിതമായിരിക്കണമെന്നില്ല, സ്വയരക്ഷ തന്നെയാണ് ഏറ്റവും പ്രധാനം. "15 വയസ്സ് മാത്രം പ്രായമുള്ള ഒരുകുട്ടിയാണ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നും താൻ അത് കൈയോടെ പിടികൂടിയെന്നും താരം വ്യക്തമാക്കി."

"ബോഡിഗാർഡുകൾ ഒക്കെ കൂടെ ഉള്ളപ്പോൾ ഞങ്ങളെ ആരും ഒന്ന് തൊടാൻ പോലും മടിക്കുമെന്നാണ് എല്ലാവരുടേയും ധാരണ. പക്ഷെ ഞാന്‍ ഒന്ന് പറയട്ടെ പത്തു ബോഡിഗാര്‍ഡുകള്‍ കൂടെ ഉണ്ടെങ്കിലും ഒരു സ്ത്രീ എന്ന നിലയ്ക്ക് പൊതുസമൂഹത്തില്‍ മോശമായി പെരുമാറിയേക്കാവുന്ന നൂറുകണക്കിന് പുരുഷന്‍മാരെ ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്.

ആറുമാസം മുമ്പ് ഒരു അവാർഡ് ദാന ചടങ്ങിന് പോയപ്പോൾ ഒരു പതിനഞ്ച് വയസ്സുകാരൻ എന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചു. വലിയ ജനക്കൂട്ടത്തിനിടയ്ക്ക് ഞാൻ അത് തിരിച്ചറിയില്ലെന്നാണ് അവൻ വിചാരിച്ചത്. അവന് തെറ്റിപ്പോയി. എന്റെ പുറകിൽ നിന്നും ഞാൻ അവന്റെ കയ്യിൽ പിടിച്ച് മുന്നോട്ട് വലിച്ചു. ഒരു പതിനഞ്ചുകാരൻ പയ്യൻ, സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. അവന്റെ കഴുത്തിൽ പിടിച്ച് കുറച്ച് ദൂരം ഞാൻ നടന്നു. ആളുകൾ കരുതിയത് ഞാൻ അവനോട് സംസാരിക്കുകയാണെന്നാണ്. ശേഷം ഞാൻ അവനോട് പറഞ്ഞു, ഇപ്പോൾ ഞാൻ ഇവിടെ നിന്ന് ഒച്ചയെടുത്ത്, നടന്ന കാര്യം വിവരിച്ചാൽ നിന്റെ ജീവിതം തന്നെ ഇല്ലാതാകും.’ എന്നാൽ അവൻ ചെയ്ത കാര്യം നിഷേധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ കാര്യത്തിൽ ഉറച്ചുനിന്നപ്പോൾ അവൻ തെറ്റ് മനസ്സിലാക്കി. എന്നോട് ക്ഷമ ചോദിച്ച ആ പയ്യൻ, ജീവിതത്തിലൊരിക്കലും ഇനി ആരോടും അങ്ങനെ ചെയ്യില്ലെന്ന് എന്നോട് സത്യം ചെയ്തു.

അവന്റെ പ്രായം ഓർത്ത് മാത്രമാണ് ആ സംഭവത്തിൽ യാതൊരു നടപടിയും ഞാൻ സ്വീകരിക്കാതിരുന്നത്. രസത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ കുറ്റകൃത്യമാണെന്നതാണ് അവർക്ക് മനസ്സിലാക്കികൊടുക്കേണ്ടത്. അതാണ് ഞാനും ചെയ്തത്."–സുസ്മിത സെൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :