ചിപ്പി പീലിപ്പോസ്|
Last Modified വെള്ളി, 25 ഒക്‌ടോബര്‍ 2019 (15:01 IST)
ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ജനങ്ങൾക്ക് കൈയബദ്ധം സംഭവിച്ചുവെന്ന് നടനും ബിജെപി നേതാവുമായ രാജസേനൻ. അഞ്ച് മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ജയിച്ചത് മലയാളി വീണ്ടും ചെയ്ത കൈയബദ്ധമാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.
‘പതിവുപോലെ കുറേ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ന്യൂനപക്ഷങ്ങളും ചേര്‍ന്ന് ബി.ജെ.പിയെ തോല്‍പ്പിച്ചു. പക്ഷേ, ബി.ജെ.പി തോറ്റിട്ടില്ല എന്നും, എങ്ങും തോല്‍ക്കത്തില്ല എന്നും മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തിരഞ്ഞെടുപ്പ് ഫലം കാണുമ്പോള്‍ ഏത് മലയാളിക്കും മനസിലാകും‘.
‘സുരേന്ദ്രനെയും പ്രകാശ് ബാബുവിനെയും തോല്‍പ്പിച്ചപ്പോള്‍ ആര്‍ക്കൊക്കെയോ സന്തോഷം തോന്നിക്കാണും. പക്ഷേ എന്റെ ന്യൂനപക്ഷ സുഹൃത്തുക്കളോട് ഞാന്‍ പറയുന്നു, കേരളത്തില്‍ ന്യൂനക്ഷവും ബിജെപിയും ഒന്നിച്ചുഭരിക്കുന്ന കാലം അധികം വൈകാതെ വരും. രാജ്യം മുഴുവന്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വേരുകള്‍ പടര്‍ന്നു പന്തലിച്ചു കഴിഞ്ഞു. അതിനാല്‍ കേരളത്തിലും അത് സംഭവിക്കും. ഇത് ഒരു ബിജെപിക്കാരന്റെ മാത്രം വാക്കുകളല്ല, ഒരു കലാകാരന്റെ ദീര്‍ഘവീക്ഷണമുള്ള വാക്കുകളാണ്. ഇത് സംഭവിക്കും, സംഭവിച്ചേ പറ്റൂ. നമുക്ക് കാത്തിരിക്കാം’. രാജസേനന്‍ വീഡിയോയില്‍ പറഞ്ഞു.