ചെന്നൈ|
Last Modified തിങ്കള്‍, 4 ഫെബ്രുവരി 2019 (10:50 IST)
പതിനാലുകാരിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കെ നടി ഭാനുപ്രിയയുടെ വീട്ടിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കൂടി കണ്ടെത്തി.
കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തി കുട്ടികളെ കണ്ടെത്തിയത്. പീഡനത്തിനിരയായിട്ടുണ്ടെന്ന് പെൺകുട്ടികൾ മൊഴി നൽകിയതായി സമിതി വെളിപ്പെടുത്തി. ഇവരെ ഒരാള്‍ തന്നെയാണ് ഭാനുപ്രിയയുടെ വീട്ടില്‍ എത്തിച്ചതെന്നും കണ്ടെത്തി.
ബാലാവകാശ പ്രവർത്തകനായ അച്യുത റാവോയാണ് എൻസിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ എത്തിച്ചത് മനുഷ്യക്കടത്തിന്റെ ഭാഗമാണെന്നും ഭാനുപ്രിയയെ അറസ്‌റ്റ് ചെയ്യണമെന്നും അച്യുത റാവോ വ്യക്തമാക്കി.
എന്നാൽ പെൺകുട്ടികളുടെ മാതാപിതാക്കൾ കുട്ടികൾക്ക് 15 വയസ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും
ഭാനുപ്രിയ പറയുന്നു.
വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച് പതിനാലുകാരിയുടെ മാതാവ് പ്രഭാവതി ചെന്നൈ സമാല്‍കോട്ട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ആന്ധ്രാപ്രദേശിലെ ഈസ്‌റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ഭാനുപ്രിയയുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നത്.
ഇതിനിടെ പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഒന്നരലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്‌ടിച്ചുവെന്ന് കാട്ടി ഭാനുപ്രിയ സമാല്‍കോട്ടേ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു.