അപർണ|
Last Modified ശനി, 1 സെപ്റ്റംബര്‍ 2018 (13:55 IST)
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ടി.രാമറാവുവിന്റെ (എൻടിആർ) മകൻ നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത നാലു നഴ്സുമാരെ ആശുപത്രി അധികൃതർ പുറത്താക്കി. നൽഗോണ്ടയിലെ കമിനേനി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പുരുഷ നഴ്സടക്കമുള്ളവരെയാണ് പുറത്താക്കിയത്.
മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നു ചൂണ്ടിക്കാട്ടിയാണു ഇവരെ ജോലിയിൽനിന്നു നീക്കിയത്. മതദേഹത്തിനൊപ്പം ചിരിച്ചുകൊണ്ടുനിൽക്കുന്ന ചിത്രം വാട്സാപ്പിലൂടെ പുറത്തുവരികയായിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഒരുക്കുന്നതിനിടെയാണ് ഇവർ സെൽഫി എടുത്തത്.
കഴിഞ്ഞ ബുധനാഴ്ച അതിരാവിലെയാണ് എന്‍ ടി ആറിന്റെ മകനും ജൂനിയര്‍ എന്‍ ടി ആറിന്റെ പിതാവുമായ ഹരികൃഷ്ണ കാറപകടത്തിൽ കൊല്ലപ്പെടുന്നത്. ഒരു ആരാധകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി അതിരാവിലെ കാര്‍ ഡ്രൈവ് ചെയ്ത് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
നന്ദമുരി ഹരികൃഷ്ണ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്.
അമിതവേഗതയില്‍ എത്തിയ ഇന്നോവ കാര്‍ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടം നടക്കുന്ന സമയത്ത് 160 കിലോമീറ്റര്‍ സ്പീഡിലായിരുന്നു ഹരികൃഷ്ണയുടെ കാര്‍. റോഡിലേക്ക് തെറിച്ചുവീണ ഹരികൃഷ്ണയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.