ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പരാതി നൽകിയിട്ടില്ല, രാജിക്കത്ത് നൽകിയത് രണ്ട് പേർ മാത്രം: മോഹൻലാൽ

ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പരാതി നൽകിയിട്ടില്ല, രാജിക്കത്ത് നൽകിയത് രണ്ട് പേർ മാത്രം: മോഹൻലാൽ

Rijisha M.| Last Modified തിങ്കള്‍, 9 ജൂലൈ 2018 (13:39 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയായ നടനെ താരസംഘടനയായ 'അമ്മ'യിൽ തിരിച്ചെടുത്തതിനെത്തുടർന്ന് വിശദീകരണവുമായി 'അമ്മ'യുടെ പ്രസിഡന്റ് മോഹൻലാൽ. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറൽ ബോഡിയിൽ എല്ലാവരുടെയും തീരുമാനപ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തത്. ആരും നോ പറഞ്ഞില്ല. ആർക്കുവേണമെങ്കിലും അവിടെ അഭിപ്രായം പറയാമായിരുന്നു. ദിലീപ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിട്ടില്ലെന്ന് യോഗത്തിൽ പലരും അഭിപ്രായപ്പെട്ടിരുന്നു. ജനറൽ ബോഡി യോഗത്തിൽ ആരും ഈ അഭിപ്രായത്തിന് എതിരായി ഒന്നും പറഞ്ഞില്ല എന്നും വ്യക്തമാക്കി.

ദിലീപ് സംഘടനയിലേക്ക് മടങ്ങി വരുന്നില്ല എന്ന് പ്രഖ്യാപിച്ചതോടെ സാങ്കേതികമായും നിയമപരമായും അദ്ദേഹം സംഘടനയ്ക്ക് പുറത്താണെന്നും തങ്ങള്‍ എപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് നിലനില്‍ക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇപ്പോള്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്ന ആരും സംഘടനാ യോഗത്തില്‍ വന്ന് തങ്ങളുടെ വിയോജിപ്പ് അറിയിച്ചിട്ടില്ല. അന്ന് ദിലീപിനെ പുറത്താക്കിയത് സംഘടന രണ്ടായി പിളരുമെന്ന സാഹചര്യത്തിലാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

ജനറൽ ബോഡിക്കുശേഷം മാധ്യമങ്ങളെ കാണേണ്ടതായിരുന്നു. യോഗത്തിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാത്തത് തെറ്റാണ്. ദിലീപിനെ തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയെന്നു പറയുന്നവർക്ക് യോഗത്തിൽ വന്ന് ഇക്കാര്യം ഉന്നയിക്കാമായിരുന്നു. ഒരാളെങ്കിലും ഇക്കാര്യം ഉന്നയിച്ചെങ്കിൽ തിരുത്തുമായിരുന്നു. ദിലീപ് ഇപ്പോഴും അമ്മയ്ക്കു പുറത്താണ്. ഈ കാർമേഘമെല്ലാം മാറി ദിലീപ് കുറ്റക്കാരനല്ലെന്നു കണ്ടെത്തിയാൽ അദ്ദേഹത്തിനു തിരിച്ചുവരാം. ആ പെൺകുട്ടിയും കുറ്റാരോപിതനും ഞങ്ങളുടെ സംഘടനയുടെ ഭാഗമാണ് സത്യാവസ്ഥ തെളിയണം.

നാലു പേരിൽ ഭാവനയും നമ്പീശനും മാത്രമാണ് സംഘടനയ്ക്കു രാജിക്കത്ത് നൽകിയത്. ബാക്കി രണ്ടുപേരുടെ കത്ത് ഇന്ന് 11.30 വരെ ലഭിച്ചിട്ടില്ല. രാജിവെച്ചവർ തിരിച്ചുവന്നാൽ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും. അവരെന്തുകൊണ്ട് രാജിവെച്ചെന്നു വിശദീകരിക്കേണ്ടവരും. ദിലീപ് അവസരങ്ങൾ തടഞ്ഞുവെന്ന ആരോപണം ഉന്നയിച്ച് നടി ഇതുവരെ പരാതിയായി കത്ത് നൽകിയിട്ടില്ല. പുരുഷമേധാവിത്വം എന്നു പറയരുത്. അവർക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ സംഘടനയ്ക്ക് അകത്തു പറയാം. പുറത്തു പറഞ്ഞിട്ട് ഞങ്ങൾക്ക് സംഘടനയ്ക്ക് അകത്തു പറയാനാകില്ലെന്നു പറഞ്ഞിട്ട് എന്തു കാര്യം.

നിഷ സാരംഗിന്റെ വിഷയത്തിൽ അമ്മ അവർക്കൊപ്പം തന്നെയാണ്. വിഷയം അറിഞ്ഞപ്പോൾ ബന്ധപ്പെട്ട ആളുകളുമായി സംസാരിച്ചിരുന്നെന്നും മോഹൻലാൽ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :