Rijisha M.|
Last Modified തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (17:12 IST)
നടിമാർ മനസ്സ് തുറന്നാൽ സിനിമാ ലോകത്തെ പല ദന്ത ഗോപുരങ്ങളും തകർന്നടിയുമെന്ന് ലിബർട്ടി ബഷീർ. മീ ടൂ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്
ലിബർട്ടി ബഷീർ ഇക്കാര്യം വ്യക്തമാക്കിയത്. പതിനേഴിലേറെ ചിത്രങ്ങൾ നിർമ്മിച്ച തനിക്ക് പല സംഭവങ്ങളും ഇന്നലെ എന്നപോലെ ഓർമ്മയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടവരാണ് പ്രൊഡക്ഷൻ കൺട്രോളർമാർ. എന്നാൽ അവർ തന്നെ പ്രശ്‌നക്കാരാകുമ്പോൾ വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. സിനിമാ നടിമാരുടേയും സഹനടിമാരുടേയും മുറികളുടെ കതക് മുട്ടുന്ന സംഭവം പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഇതേ സംഭവങ്ങൾ തുടരുന്നുമുണ്ട്.
എന്നാൽ തന്റെ സിനിമയുടെ ലൊക്കേഷനിൽ പലപ്പോഴയും ഇത്തരം പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെടുകയും നടപടികൾ എടുത്തിട്ടുമുണ്ട്. സിനിമ ഷൂട്ടിംഗിനിടെ നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ വേട്ടക്കാരനെ രക്ഷിക്കണമെന്ന വോയ്‌സ് മെസേജ് ഗ്രൂപ്പിലിടുകയും അയാളെ പാവമായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്‌ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയ്‌ക്കെതിരെയും ആക്രമിക്കെതിരെ നടപടിയെടുക്കാൻ തയ്യാറാകാത്തിരുന്ന ഫെഫ്‌ക സെക്രട്ടറി ഉണ്ണികൃഷ്‌ണനെതിരെയും പൊലീസ് കേസെടുക്കണമെന്നും ലിബർട്ടി ബഷീർ പറഞ്ഞു.
അതേസമയം, പൾസർ സുനിക്ക് നേരെ സമാനമായ പരാതി ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. അന്ന് ഫെഫ്‌ക കൃത്യമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ നടി ആക്രമിക്കപ്പെടുമായിരുന്നില്ലെന്നും ലിബർട്ടി ബഷീർ പറഞ്ഞു. ഇപ്പോഴുള്ള നടിമാർ പത്ത് ശതമാനം കാര്യങ്ങൾ പോലും തുറന്നുപറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.