എവിടെയെങ്കിലും പോയി, ആർക്കും ശല്യമില്ലാതെ ജീവിച്ചോളാമെന്ന് കരഞ്ഞ് പറഞ്ഞതാ...

ആത്മാർത്ഥമായി പ്രണയിച്ചാൽ ഒന്നിക്കാമെന്ന് പറയുന്നതൊക്കെ വെറുതെയാ...

അപർണ| Last Modified വെള്ളി, 8 ജൂണ്‍ 2018 (08:36 IST)
പ്രണയത്തിനായി ജീവൻ നഷ്ടമായ കെവിന്റെ രൂപവും അവനെയോർത്ത് കണ്ണീർവാർക്കുന്ന നീനുവിന്റെ മുഖവും മലയാളികൾക്കൊരിക്കലും മറക്കാൻ കഴിയില്ല. ആത്മാർത്ഥമായി ഒരാളെ പ്രണയിച്ചാൽ എന്തൊക്കെ സംഭവിച്ചാലും അയാളുമൊത്ത് ജീവിക്കാൻ കഴിയുമെന്ന സ്ഥിര പ്രണയ പല്ലവി പക്ഷേ ഇവിടെ വിലപോയില്ല.

കെവിന്റെ ജീവനെടുത്തത് വിധിയാണെന്ന് പറഞ്ഞൊഴിയാൻ കഴിയില്ല. നീനുവിന്റെ മാതാപിതാക്കളുടെ ദുരഭിമാനമായിരുന്നു പ്രശ്നം. കെവിന്റെ ഓർമ്മകളാണ് എന്റെ ബാക്കി ജീവിതമെന്ന് പറഞ്ഞ നീനുവിന്റെ കരുത്തുറ്റ വാക്കുകൾ നമ്മൾ കേട്ടു.

കെവിന്റെ നഷ്ടപ്രണയത്തിന്റെയും സാക്ഷാത്കാരമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു കുറിപ്പ്. ആരുടെയോ ഭാവനയില്‍ വിരിഞ്ഞ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.

കുറിപ്പ് വായിക്കാം:

ഞാൻ കരഞ്ഞു പറഞ്ഞതാ അവരോടു തല്ലി കൊല്ലല്ലേ ഞങ്ങൾ എവിടേലും പോയി ജീവിച്ചോളാം ആരുടേം കൺവെട്ടത്തു പോലും വരില്ല എന്ന്..

ഞങ്ങളുടെ വീട്ടിലെ വേലക്കാരനാവാൻ പോലും യോഗ്യത ഇല്ല നിനക്ക് ,എന്നിട്ടാണോ നീ അവളെ സ്നേഹിച്ചത്... എന്ന് അവരെല്ലാം പറഞ്ഞപ്പോഴും എന്നെ സ്വന്തം ജീവനെക്കാൾ സ്നേഹിച്ച അവളുടെ മനസ്സിൽ രാജാവായി വാഴുന്ന ഞാൻ എന്തിനാ പേടിക്കുന്നതെന്ന തോന്നലായിരുന്നു...

അവളെ ഇനി കാണരുതെന്ന് പറഞ്ഞപ്പോൾ ഞാൻ എതിർത്തു..അതിനാണവർ എൻറെ കണ്ണ് ചൂഴ്ന്നെടുത്തത് ....
എന്റെ ഹൃദയത്തിന്റെ തുടിപ്പ് ഉള്ളിൽ ഉള്ള കാലത്തോളം അവൾ മാത്രമാണു എന്റെ മനസ്സിലുള്ളതെന്നു പറഞ്ഞപ്പോഴാണവർ എൻറെ ചങ്കിലേക്കു കത്തി കുത്തിയിറക്കിയത്...

ഒടുവിൽ എല്ലാം നഷ്ടപെട്ടവന്റെ അവസാന ധൈര്യമായിരുന്നു..അവൾ എന്റെയാണെന്നും ഞങ്ങൾ രണ്ടു പേർക്കും അങ്ങനെയല്ലാതെ മറിച്ചു ചിന്തിക്കാൻ ഒരിക്കലും ആവില്ലെന്നു പറഞ്ഞു ഞാൻ ഉറക്കെ കരഞ്ഞു.. അപ്പോഴാണവർ എന്റെ വായ് പൊത്തിപ്പിടിച്ചത്....

ശബ്ദം പോലും പുറത്തു വരാതെയായി... അതെ ഞാൻ നിങ്ങളെ എല്ലാവരെയും വിട്ടു പോവുകയാണ്..

എന്നെ അവർ കൊന്നുകളയും എന്ന് ആ സമയത്തും ഞാൻ കരുതിയില്ല.. അച്ഛനും അമ്മയ്ക്കും എങ്കിലും ഞങ്ങളുടെ സ്നേഹം മനസ്സിലാക്കാൻ കഴിയും എന്നു പ്രതീക്ഷിച്ചിരുന്നു.. അവരും രണ്ടു മതത്തിൽ നിന്നും സ്നേഹിച്ചു ഒന്നിച്ചവരല്ലെ... എന്തെ ആ ഒരു കരുതൽ ഞങ്ങൾക്ക് അവർ തന്നില്ല.. ഞാൻ ഒരു പാവപ്പെട്ടവൻ ആയതു കൊണ്ടാണോ. പക്ഷെ.

അമ്മയ്ക്ക് അമ്മയുടെ മകളുടെ മനസ്സെന്താ കാണാൻ കഴിയാതെ പോയത്.. ആ സ്നേഹത്തിനു് വിലകൽപ്പിച്ചിരുന്നെങ്കിൽ.... ഞാൻ ഇന്നും ജീവനോടെ കാണില്ലായിരുന്നോ അമ്മെ... അമ്മയുടെ മകൾ ഇന്നലെ പറഞ്ഞതു കേട്ടില്ലെ.. നിയമപരമായി ഭാര്യയും ഭർത്താവുമല്ലെങ്കിലും ഞങ്ങൾ ഒന്നിച്ചു താമസിച്ചിട്ടില്ലെങ്കിലും അവൾ ഇനിയുള്ള കാലം എന്റെ വീട്ടിൽ കഴിയുമെന്ന്.. അപ്പോൾ അവളുടെ മനസ്സിൽ ഞാൻ എന്തായിരുന്നും എനിക്കുള്ള സ്ഥാനം എന്തായിരുന്നെന്നും ഒന്നാലോചിച്ചു നോക്കൂ...

ആത്മാർഥമായി സ്നേഹിച്ചതിനു നിങ്ങൾ ഞങ്ങൾക്കു നൽക്കിയ ശിക്ഷ, ഞങ്ങളുടെ ജീവിതം നിർദാക്ഷിണ്യം പിച്ചി ചീന്തി .. എന്നെ കൊന്നുകളഞ്ഞു, എന്നെ പ്രാണനെക്കാൾ ഏറെ സ്നേഹിച്ച അമ്മയുടെ മകളെ വിധവയാക്കി.. ഞങ്ങളുടെയും നിങ്ങളുടെയും കുടുംബത്തിലുള്ളവരുടെയും മുന്നോട്ടുള്ള ജീവിതമല്ലെ ഒരു നിമിഷത്തെ പ്രവൃത്തി കൊണ്ട് അമ്മയുടെ മകൻ തകർത്തെറിഞ്ഞത്..

പുഴയിലെ വെള്ളത്തിലാണ് എന്റെ പ്രാണൻ അവസാനിച്ചതെന്ന് നിങ്ങൾ കണ്ടുപിടിച്ചു.. ഓളങ്ങൾക്ക് മുകളിലൂടെ ഞാൻ ഒഴുകി നടക്കുകയായിരുന്നു. പുഴയിൽ വെള്ളം കൂടുന്ന പോലെ തോന്നുന്നു...എന്നെ ഓർത്തു കരയുന്ന അവളുടെ കണ്ണീരാവും അത്....

ഇന്നലെ ആശുപത്രിയിലും വീട്ടിലും പള്ളിയിലും സെമിത്തേരിയിലുമെല്ലാം എന്നെ അവസാനമായൊന്നു കാണാൻ ഒത്തിരി പേരുണ്ടായിരുന്നു.. അവളുടെ അവസ്ഥ കണ്ട് ഒരിറ്റു കണ്ണുനീർ പൊഴിക്കാത്തവരായി ആരും അവിടെ ഉണ്ടായിരുന്നില്ലെന്നു് വിശ്വസിക്കാനാണ് എനിക്കിഷ്ടം..

നിങ്ങളോട് ഞാൻ പറയുന്ന അവസാനവാക്കെന്ന നിലയിൽ ദയവു ചെയ്ത് ഇത് കേൾക്കുമോ..? ഇനിയും ഒത്തിരിപ്പേർ പ്രണയിക്കും.. ഇതു പോലെ ഒരു വിധി ആർക്കും ഉണ്ടാവരുത് , ആത്മാർത്ഥമായി സ്നേഹിക്കുന്നവരാണെങ്കിൽ അവരെ ജീവിക്കാൻ അനുവദിക്കണം, എന്റെ ഒരു അപേക്ഷയാണ്..

എന്റെ കുടുംബത്തെ സമാധാനിപ്പിക്കാൻ നിങ്ങളെല്ലാവരും ഉണ്ടാവണം... പ്രത്യേകിച്ച് എന്റെ ജീവനായ നീനുവിനെ.. എന്റെ ഈ ജീവനില്ലാത്ത ശരീരത്തിൽ നിന്നും അവളിലേയ്ക്ക് എത്തപ്പെട്ടത് എന്റെ ഹൃദയം മാത്രമാണ്... മറ്റാർക്കും ചെന്നെത്താനാവാത്ത അവളുടെ ഹൃദയത്തിന്റെ വടക്കുകിഴക്കെ അറ്റത്ത്.....

എന്നെന്നും നീനുവിന്റെതു മാത്രമായ കെവിൻ...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :