മുതിരപ്പുഴയാറ്റിൽ കണ്ടെത്തിയ കാൽ ആരുടേത്? ജസ്‌ന അടിമാലിയിൽ വന്നിരുന്നുവെന്ന് ടാക്സി ഡ്രൈവർ

കുഞ്ചിത്തണ്ണി മുതിരപ്പുഴയാറ്റിൽ കണ്ടെത്തിയ കാൽ പൊലീസിനെ കുഴപ്പിക്കുന്നു

അപർണ| Last Modified ചൊവ്വ, 31 ജൂലൈ 2018 (08:37 IST)
കോട്ടയം മുക്കൂട്ടുതറയില്‍നിന്നു കാണാതായ കോളജ്‌ വിദ്യാര്‍ഥിനി ജെസ്‌ന മരിയാ ജെയിംസിന്റെ കേസ് എങ്ങുമെത്താതെയായിരിക്കുകയാണ്. ജസ്നയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെങ്കിലും ഊഹാപോഹങ്ങൾ അല്ലാതെ ഒരു തുമ്പും കണ്ടെത്താൻ പൊലീസിനായിട്ടില്ല.

ഇതിനിടയിൽ അടിമാലിയില്‍ വന്നിരുന്നതായി അവിടത്തെ ടാക്‌സി ഡ്രൈവറുടെ മൊഴി. ഇതിന്റെ അടിസ്‌ഥാനത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു. ജെസ്‌നയുമായി രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ മൂന്നു മാസം മുന്‍പ്‌ താനാണ്‌ ടാക്‌സി സ്‌റ്റാന്‍ഡില്‍നിന്ന്‌ മറ്റൊരു സ്‌ഥലത്ത്‌ എത്തിച്ചതെന്നാണു ഇയാളുടെ വെളിപ്പെടുത്തല്‍.

പത്രങ്ങള്‍ വായിക്കാറില്ലെന്നും അതിനാൽ ജസ്നയെ കാണാതായ കാര്യമൊന്നും അറിഞ്ഞില്ലെന്നും ഇയാൾ പറയുന്നു. കഴിഞ്ഞദിവസമാണ് വാർത്ത കണ്ടത്. തന്റെ കാറില്‍ സഞ്ചരിച്ച പെൺകുട്ടിയുമായി രൂപസാദൃശ്യമുണ്ടെന്ന് തോന്നിയതോടെയാണ് പൊലീസിനെ വിവരമറിയിച്ചത്.

ഇതേസമയം, കുഞ്ചിത്തണ്ണി മുതിരപ്പുഴയാറ്റില്‍ യുവതിയുടേത്‌ എന്നു കരുതുന്ന കാലിന്റെ ഭാഗം കണ്ടെത്തിയിരുന്നു. ഈ കാല്‍ ജെസ്‌നയുടേതാണോ എന്നറിയാനായി ഡി.എന്‍.എ. പരിശോധനയ്‌ക്ക്‌ അയച്ചിരുന്നു. ഇതിന്റെ ഫലം വന്നിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :