ഇടുക്കി ഡാമിലെ ജലനിരപ്പ് 2392 അടി, 2400 ആയാൽ ഷട്ടറുകൾ തുറക്കും; സുരക്ഷാ ക്രമീകരണങ്ങളെല്ലാം സ്വീകരിച്ചതായി മന്ത്രി എം എം മണി

ഇടുക്കി ഡാമിലെ ജലനിരപ്പ് 2392 അടി, 2400 ആയാൽ ഷട്ടറുകൾ തുറക്കും; സുരക്ഷാ ക്രമീകരണങ്ങളെല്ലാം സ്വീകരിച്ചതായി മന്ത്രി എം എം മണി

തൊടുപുഴ| Rijisha M.| Last Modified വെള്ളി, 27 ജൂലൈ 2018 (11:10 IST)
ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങളെല്ലാം സ്വീകരിച്ചതായി മന്ത്രി എം.എം.മണി മാധ്യമങ്ങളോട് പറഞ്ഞു. ‘ഇതുവരെയുള്ള കണക്കനുസരിച്ച് ഏഴു ദിവസത്തിനുള്ളിൽ തുറന്നുവിടേണ്ട സാഹചര്യമാണുള്ളത്. നീരൊഴുക്ക് കുറഞ്ഞാൽ അണക്കെട്ട് തുറക്കുന്നതു പരമാവധി ഒഴിവാക്കും. മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 142 അടിയാക്കണമെന്ന കോടതിവിധി ഉണ്ടെങ്കിലും രണ്ട് സർക്കാരുകളും സമവായത്തിലെത്തി അതിനുമുൻപ് തുറന്നുവിടണം. അല്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ വെള്ളം കുടിച്ചും തമിഴ്നാട്ടുകാർ വെള്ളം കിട്ടാതെയും മരിക്കുന്ന സാഹചര്യം ഉണ്ടാകു’മെന്നും എം.എം.മണി പറഞ്ഞു.

ഏഴു ദിവസത്തിനുള്ളിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തേണ്ടി വരുമെന്ന് ഡാം സുരക്ഷാ അസി. എൻജിനീയർ ആർ ചന്ദ്രശേഖരൻ പറഞ്ഞു. അണക്കെട്ടിൽ ഇന്നു രാവിലെ ജലനിരപ്പ് 2392 അടി. ജലനിരപ്പ് 2400 അടിയിലെത്തുമ്പോൾ ഷട്ടറുകൾ തുറക്കും. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ചെറുതോണി പുഴയുടെയും പെരിയാറിന്റെയും കരകളിൽ താമസിക്കുന്നവർക്ക് വൈദ്യുതി ബോർഡ് ആദ്യ ജാഗ്രതാ നിർദേശം നൽകി.

ഇടുക്കിയിലെ അഞ്ചു ജനറേറ്ററുകൾ പൂർണ തോതിൽ പ്രവർത്തിപ്പിച്ചിട്ടും ഒഴുകിയെത്തുന്ന വെള്ളം പൂർണമായും വൈദ്യുതി ഉൽപാദനത്തിന് പ്രയോജനപ്പെടുത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഡാം തുറന്നു വെള്ളം ഒഴുക്കിവിടേണ്ടി വരുന്നത്. സംഭരണ ശേഷിയുടെ 85 ശതമാനത്തിലേറെ വെള്ളം ഇപ്പോഴുണ്ട്. പരമാവധി സംഭരണ ശേഷി 2403 അടി. ജലനിരപ്പ് 2400 അടിയിൽ എത്തിയാൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി വെള്ളം പെരിയാറിലേക്ക് തുറന്നുവിടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :