പറഞ്ഞത് ചരിത്ര യാഥാർത്ഥ്യമെന്ന് ആവർത്തിച്ച് കമൽ ഹാസൻ, കോടതിയുടെ നിയമപരിധിക്ക് പുറത്തുവരുന്ന കാര്യമെന്ന് കോടതിയും!

Last Modified വ്യാഴം, 16 മെയ് 2019 (10:21 IST)
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ ഗോഡ്‌സെയാണെന്ന് താൻ പറഞ്ഞത് ചരിത്ര യാഥാർത്ഥ്യമാണെന്ന് ആവർത്തിച്ച് നടനും മക്കള്‍ നീതി മെയ്യം നേതാവുമായ കമല്‍ ഹാസൻ. പലപ്പോഴും ചരിത്ര സത്യങ്ങൾക്ക് കയ്പ്പേറും. ആ കയ്പ് മരുന്നായി മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ പറഞ്ഞത് ശരിക്കും മനസിലാകാതെയാണ് എനിക്കെതിരെ കലാപാഹ്വാനം വരെ നടത്തുന്നത്. എന്റെ കുടുംബാംഗങ്ങളെല്ലാം ഹൈന്ദവരാണ്, ആരേയും വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കാറില്ല. തീവ്രവാദി എന്നാണ് പറഞ്ഞത്’- ആവർത്തിച്ചു.

അതേസമയം, സംഭവത്തിൽ കമല്‍ ഹാസനെതിരായി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈകോടതി. ബി.ജെ.പി നേതാവ് അശ്വനി ഉപധ്യായ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈകോടതി വാദം കേള്‍ക്കാന്‍ വിസമ്മതിച്ചത്. ഇത് കോടതിയുടെ നിയമപരിധിക്ക് പുറത്ത് വരുന്ന കാര്യമാണെന്നാണ് കോടതി ചുണ്ടിക്കാട്ടിയത്.

ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പി ഹരജി നല്‍കിയിരുന്നത്. വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കട്ടെയെന്നാണ് കോടതി പറഞ്ഞത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :