ജോധ്പൂര്‍|
jibin|
Last Updated:
വെള്ളി, 6 ഏപ്രില്‍ 2018 (08:43 IST)
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന്റെ
ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് താരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക. അഞ്ച് വര്‍ഷം തടവുശിക്ഷ നല്കിയ വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീലും നല്‍കും.
ജയിലില്‍ സല്മാന് ഖാന്റെ ജീവന് ഭീഷണിയുണ്ടെന്നും അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. ചിങ്കാര മാനുകളെ വേട്ടയാടിയ കേസുകളില്‍ ഹൈക്കോടതി സല്‍മാനെ വെറുതെ വിട്ടതാണ്. സമാനമായ കേസാണ് ഇതെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കും.
അതേസമയം, ജാമ്യം നല്കിയാല് അപ്പീല്‍ നല്‍കാനാണ് സല്‍മാനെതിരെ കേസ് നല്കിയ ബിഷ്ണോയ് സമുദായത്തിന്റെ തീരുമാനം.
സല്മാന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അഞ്ച് വര്‍ഷം തടവും ആയിരം രൂപ പിഴയുമാണ് അദ്ദേഹത്തിന് വിധിച്ചത്. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ടാം നമ്പര്‍ ബാരക്കിലാണു താരത്തെ പാര്‍പ്പിച്ചിരിക്കുന്നത്.
സല്മാന് ഖാനൊപ്പം കുറ്റകൃത്യം നടക്കുന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്ന സെയ്ഫ് അലി ഖാന്, തബു, സോണാലി ബിന്ദ്ര, നീലം കോത്താരി എന്നിവരെ കോടതി വെറുതെവിട്ടിരുന്നു.
വന്യജീവി സംരക്ഷ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരം, അനധികൃതമായി സംരക്ഷിത വനമേഖലയില്‍ കടന്നു, വംശനാശ ഭീഷണി നേരിടുന്ന മൃഗത്തെ വേട്ടയാടി കൊന്നു, ലൈസന്‍സ് ഇല്ലാതെ ആയുധം കൈവശം വച്ചു എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് സല്‍മാനെതിരെ കുറ്റം.
1998 ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ജോധ്പൂരിലെ കൺകാണി വില്ലേജിൽ രണ്ടു കൃഷ്ണമൃഗങ്ങളെ സൽമാൻ ഖാൻ വേട്ടയാടി കൊലപ്പെടുത്തിയെന്നാണു കേസ്. ഹം സാത് സാത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണു സൽമാൻ ജോധ്പുരിലെത്തിയത്.