അപർണ|
Last Modified തിങ്കള്‍, 7 മെയ് 2018 (16:36 IST)
താരത്തിളക്കിത്തിന്റെ ആഘോഷരാവൊരുക്കി അമ്മ വഴമില്ല്. ആരാധകർക്കും പ്രേക്ഷകർക്കും മറക്കാനാവാത്ത അനുഭവമായി മാറിയിരിക്കുകയാണ് ‘അമ്മ മഴവില്ല്’ മെഗാഷോ. തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ പതിനായിരങ്ങൾക്കുമുന്നിൽ വിണ്ണിലെ താരങ്ങളെല്ലാം ഒത്തുചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ അത് ആഘോഷരാവായി മാറുകയായിരുന്നു.
അലാവുദീനായി ദുൽഖർ സൽമാനും ഭൂതമായി മോഹൻലാലും സ്റ്റേജിൽ ഒരുമിച്ചെത്തി. അലാവുദ്ദീനും ഭൂതവും ആയിരുന്നെങ്കിലും കാണികൾ മോഹൻലാലിനേയും ദുൽഖറിനേയും തന്നെയാണ് കണ്ടത്. ഇരുവരും ഒരുമിച്ച് സ്റ്റേജിൽ നിൽക്കുന്നത് കാണാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.
ഷോ തുടങ്ങി പകുതിയായപ്പോഴാണ് സാക്ഷാൽ മമ്മൂട്ടി വേദിയിലെത്തിയത്. കരഘോഷത്തിന് ഇതിൽക്കൂടുതൽ എന്ത് വേണം. സ്റ്റേജിലെത്തിയ മമ്മൂട്ടി ഭൂതമായി മുന്നിൽ നിൽക്കുന്ന മോഹൻലാലിനോട് ‘തന്നെ ഡാൻസ് പഠിപ്പിക്കാമോ’ എന്നായിരുന്നു ചോദിച്ചത്. എന്നാൽ ‘അതൊഴിച്ച് വേറെന്ത് വേണമെങ്കിലും ചോദിച്ചോളൂ’ എന്നായിരുന്നു ഭൂതത്തിന്റെ മറുപടി.
ഒടുവിൽ മമ്മൂട്ടിയെ സഹതാരങ്ങളെല്ലാം ചേർന്ന് നൃത്തം പഠിപ്പിച്ചതോടെ കാണികളും ആവേശത്തിലായി. വിനീത് ശ്രീനിവാസൻ തന്റെ ഗാനങ്ങളുമായി കാണികളുടെ കയ്യടി നേടി. പാർവതിയും ഡാൻസ് അവതരിപ്പിച്ചു. പുറകേ, നമിതപ്രമോദ്, ഷംനകാസിം തുടങ്ങിയ താരസുന്ദരിമാർക്കൊപ്പം
മോഹൻലാൽ ഇരുവർ മുതലുള്ള തന്റെ ചിത്രങ്ങളിലെ ഗാനങ്ങളുമായി ആടിത്തിമർത്തു.