Rijisha M.|
Last Modified ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (09:28 IST)
താരസംഘടനയായ അമ്മയിൽ ഭിന്നത. ഇതേത്തുടർന്ന്
മോഹൻലാൽ രാജി സന്നദ്ധത അറിയിച്ചതായി സൂചനകൾ. ദിലീപ് വിഷയത്തില്‍ ഓരോ അവസരത്തിലും ആരോപണങ്ങള്‍ തനിക്കുനേരെ വരുന്നതിലുള്ള അസ്വസ്ഥതയാണ് മോഹൻലാൽ രാജി സന്നദ്ധത അറിയിച്ചതതെന്ന് 'അമ്മ'യുമായി അടുത്ത വൃത്തങ്ങള്‍ ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി സമാഹരിക്കാനായുള്ള 'അമ്മ'യുടെ ഗള്‍ഫ് ഷോയ്ക്ക് പിന്നാലെ രാജി വെക്കാനുള്ള സന്നദ്ധതയാണ് മോഹന്‍ലാല്‍ അടുത്ത സുഹൃത്തുക്കളെ അറിയിച്ചത്. അതേസമയം, സംഘടനയുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങള്‍ നോക്കാന്‍ ഒരു വര്‍ക്കിംഗ് പ്രസിഡന്റോ അല്ലെങ്കില്‍ സ്ഥിരം വക്താവോ വേണമെന്ന അഭിപ്രായവും മോഹന്‍ലാല്‍ പങ്കുവച്ചു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
വനിതാ അംഗങ്ങളുമായി രമ്യതയിലേക്കെത്തണമെന്ന നിലപാടിൽ ഇന്നലെ ജഗദീഷ് നൽകിയ വാർത്താക്കുറിപ്പിലും അതിന് ശേഷം സിദ്ദിഖും കെ പി എ സി ലളിതയും നടത്തിയ വാർത്താസമ്മേളനത്തിലും പരസ്‌പര വിരുദ്ധമായ കാര്യങ്ങൾ പങ്കുവെച്ചതും 'അമ്മ'യിൽ ഭിന്നത രൂക്ഷമാണെന്ന കാര്യങ്ങളാണ് സൂചിപ്പിക്കുന്നത്.