അമ്മയില്‍ കടുത്ത ഭിന്നത; താരസംഘടന പിടിച്ചടക്കാന്‍ ദിലീപ് രംഗത്ത് - സിദ്ദിക്കിനെ മുന്‍‌നിര്‍ത്തിയുള്ള ദിലീപിന്‍റെ കളി പൊളിക്കാന്‍ ജഗദീഷ് !

അമ്മയില്‍ കടുത്ത ഭിന്നത; താരസംഘടന പിടിച്ചടക്കാന്‍ ദിലീപ് രംഗത്ത് - സിദ്ദിക്കിനെ മുന്‍‌നിര്‍ത്തിയുള്ള ദിലീപിന്‍റെ കളി പൊളിക്കാന്‍ ജഗദീഷ് !

 Dileep , Amma , WCC , Mohanlal , Cinema , siddique , Dileep Case , മോഹന്‍‌ലാല്‍ , അമ്മ , താരസംഘടന , ഡബ്ലുസിസി , ജഗദീഷ് , സിദ്ദിഖ് , ഇന്നസെന്റ്
കൊച്ചി| നവ്യാ വാസുദേവ്| Last Modified തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (17:39 IST)
മോഹന്‍‌ലാല്‍ എന്ന മഹാനടന്‍ നയിച്ചിട്ടും കരകയറാനാകത്ത വിധമുള്ള വിവാദങ്ങളില്‍ ആടിയുലയുകയാണ് താരസംഘടനയായ അമ്മ. വാദങ്ങളും പ്രതിവാദങ്ങളും വ്യക്തി കേന്ദ്രീകൃതമായതോടെ ഉണ്ടായ
മുറിവുകള്‍ ഉണങ്ങാതെ നീറി പുകയുകയാണ് മലയാള സിനിമാ ലോകത്ത്.

കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട വിഷയത്തില്‍ മാനം കപ്പലേറിയ അമ്മയുടെ അമരക്കാരന്റെ സ്ഥാനത്തു നിന്ന് ഇന്നസെന്റ് പടിയിറങ്ങുകയും മോഹന്‍‌ലാല്‍ ആ പദവി അലങ്കരിക്കാന്‍ മുന്നോട്ട് വരുകയും ചെയ്‌തത് പ്രതീക്ഷകള്‍ പകരുന്ന നിമിഷമായിരുന്നുവെങ്കില്‍ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണ്.

ഈ മാസം 13ന് വനിതാ താരങ്ങളുടെ കൂട്ടായ്‌മയായ വിമൻ ഇൻ സിനിമ കളക്ടീവ്
(ഡബ്ലുസിസി) നടത്തിയ പത്രസമ്മേളനമാണ് അമ്മയില്‍ പുതിയ സാഹചര്യം സൃഷ്‌ടിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംരക്ഷിക്കുന്നുവെന്ന നിലപാട് സ്വീകരിച്ച ഡബ്ല്യുസിസി മോഹന്‍‌ലാലിനെതിരെ രൂക്ഷമായ വാക്കുകള്‍ ഉന്നയിച്ചു. വിഷയത്തില്‍ തല്‍ക്കാലം പ്രതികരിക്കേണ്ടതില്ലെന്ന തീരുമാനമെടുത്ത അമ്മ ഒരു ദിവസത്തെ ഇടവേളയ്‌ക്ക് പിന്നാലെ തിരിച്ചടിച്ചതാണ് അമ്മയിലെ ഭിന്നത മറനീക്കി പുറത്തുവരാന്‍ കാരണമായത്.

ജനറൽ ബോഡി യോഗം ഉടൻ ചേരുമെന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കി അമ്മയുടെ ഖജാന്‍‌ജി സ്ഥാനം വഹിക്കുന്ന ജഗദീഷ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയതിനു പിന്നാലെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖും
കെപിഎസി ലളിതയും വിളിച്ചു ചേര്‍ത്ത പത്രമ്മേളനമാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

അമ്മ പ്രസിഡന്റ് മോഹന്‍‌ലാല്‍ അടക്കമുള്ളവരുമായി സംസാരിച്ച ശേഷമാണ് വാർത്താക്കുറിപ്പ് ഇറക്കിയതെന്ന് ജഗദീഷ് വ്യക്തമാക്കിയപ്പോള്‍ സംഘടനയുടെ ഖജാന്‍‌ജി മാത്രമായ ജഗദീഷിനെ വാര്‍ത്താക്കുറിപ്പ് ഇറക്കാനായി ആരും നിയോഗിച്ചിട്ടില്ലെന്നാണ് സിദ്ദിഖ് ആഞ്ഞടിച്ചത്.

അടിയന്തരമായി ജനറൽ ബോഡി കൂടേണ്ട ഒരു സാഹചര്യവും നിലവില്ല. അടുത്ത ജനറൽ ബോഡി വരുന്ന ജൂണിലാണ്. രാജിവച്ചവർക്ക് സംഘടനയിൽ വരണമെങ്കിൽ അപേക്ഷ നൽകണം എന്നത് സ്വാഭാവിക നടപടിയാണെന്നുമാണ് ജഗദീഷിന് സിദ്ദിഖ് മറുപടി നല്‍കിയത്.

സ്വതന്ത്ര നിലപാട് സ്വീകരിച്ച ജഗദീഷിനെ കുറ്റപ്പെടുത്തുന്ന പ്രസ്‌താവനയാണ് ദിലീപുമായി അടുത്ത ബന്ധമുള്ള സിദ്ദിഖ് സ്വീകരിച്ചത്. മോഹന്‍‌ലാലുമായി ഇക്കാര്യങ്ങളെല്ലാം സംസാരിച്ചുവെന്നും അകന്നു നില്‍ക്കുന്ന നടിമാരെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുമെന്നും ജഗദീഷ് വ്യക്തമാക്കുമ്പോള്‍ ഈ നിലപാട് നിലവില്‍ ആവശ്യമില്ല എന്ന നയമാണ് സിദ്ദിഖിനുമുള്ളത്. മമ്മൂട്ടി, മോഹന്‍‌ലാല്‍ അടക്കമുള്ളവരുടെ അറിവോടെയാണ് താന്‍ ഇക്കാര്യം വ്യക്തമാക്കിയതെന്നും സിദ്ദിഖ് ആവര്‍ത്തിക്കുമ്പോള്‍ അമ്മയിലെ പൊരുത്തക്കേട് തുറന്നു മറനീക്കി പുറത്തുവന്നു.

അമ്മയില്‍ നിന്നും രാജി വച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളുവെന്ന് മോഹന്‍‌ലാല്‍ പറഞ്ഞുവെന്ന് ജഗദീഷ് വ്യക്തമാക്കിയപ്പോള്‍ അങ്ങനെയൊരു നീക്കത്തിന് തടയിടുന്ന വാക്കുകളാണ് സിദ്ദിഖില്‍ നിന്നുമുണ്ടാകുന്നത്. അമ്മയില്‍ പിളര്‍പ്പുണ്ടാക്കിയ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ ദിലീപിനായി വാദിക്കുന്ന വ്യക്തി കൂടിയാണ് സിദ്ദിഖ്. ദിലീപിനെ ആലുവാ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്‌തപ്പോള്‍ രാത്രിയില്‍ അവിടെ എത്തി വിവരങ്ങള്‍ തിരക്കിയ താരം കൂടിയാണ് അദ്ദേഹം.

താരസംഘടനയുടെ ‘കിരീടമില്ലാത്ത രാജാ’വായി ദിലീപിനെ വീണ്ടും അവരോദിക്കാനുള്ള നീക്കമാണ് സിദ്ദിഖ് മുഖേനെ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ നീക്കത്തിന് മോഹന്‍‌ലാലിന്റെയും മമ്മൂട്ടിയുടെയും മൌന സമ്മതമുണ്ടെന്ന തരത്തിലുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. ഇതിന്റെ ഭാഗമാണ് നടിമാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച ജഗദീഷിനെ നിശബ്ദനാക്കിയത്.

ദിലീപിനെ പുറത്താക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനത്തിന് നിയമസാധുത ഇല്ലെന്ന ജനറല്‍ ബോഡിയുടെ കണ്ടെത്തലില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് സമ്മതിക്കുന്നുവെന്നാണ് ജഗദീഷ് തുറന്നു
പറഞ്ഞത്. എന്നാല്‍ ആ നിലപാടിനെയും രൂക്ഷമായ ഭാഷയിലാണ് സിദ്ദിഖ് തള്ളിക്കളഞ്ഞത്.

അകന്നു നില്‍ക്കുന്ന നടിമാരെ ഒപ്പം നിര്‍ത്തേണ്ടെന്ന നിലപാടാണ് സിദ്ദിഖിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമായത്. ഈ നയത്തോട് സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘടനയിലെ ഭൂരിഭാഗം പേരും യോജിക്കുന്നുമുണ്ട്. അമ്മയില്‍ എതിര്‍സ്വരങ്ങള്‍ ഉയരാതെ വന്നാല്‍ ഭാവിയില്‍ ദിലീപിന് കൂടുതല്‍ ശക്തനായി തിരിച്ചെത്താനും സാധിക്കും. ഈ നീക്കങ്ങള്‍ക്ക് കുട പിടിക്കുക എന്ന ചുമതല മാത്രമാണ് സിദ്ദിഖിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നത്.

ജഗദീഷില്‍ നിന്നുമുണ്ടായ തുറന്ന പ്രതികരണം മുളയിലെ നുള്ളാനുള്ള സിദ്ദിഖിന്റെ ശ്രമവും ശ്രദ്ധേയമാണ്. ഡബ്ല്യുസിസിക്കായി വാദിക്കുന്നവര്‍ അമ്മയില്‍ ഉണ്ടാകരുതെന്ന നിര്‍ബന്ധബുദ്ധി ഉള്ളതു പോലെയാണ് അദ്ദേഹം ഇന്ന് പ്രതികരിച്ചത്.

ഈ മാ‍സം 10ന് ദിലീപ് അമ്മയില്‍ രാജിക്കത്ത് നൽകിയത് അറിഞ്ഞിട്ടാണ് ഡബ്ല്യുസിസി വാർത്താ സമ്മേളനത്തിനെത്തിയതെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു. എന്നാല്‍ ഈ രാജി വിഷയം കഴിഞ്ഞ അഞ്ചു ദിവസത്തോളം മറച്ചുവയ്‌ക്കാന്‍ അമ്മ നേതൃത്വം ശ്രമിച്ചു. വനിതാ കൂട്ടായ്‌മ പത്രസമ്മേളനം വിളിച്ചില്ലായിരുന്നുവെങ്കില്‍ രാജിക്കാര്യം ഇന്നും രഹസ്യമായി തുടരുമായിരുന്നു.

സംഘടനയില്‍ നിന്ന് പുറത്തു പോകാതെ സിദ്ദിഖിന്റെ വാക്കുകള്‍ക്ക് ചുട്ട മറുപടിയുമായി ഡബ്ല്യുസിസി അംഗങ്ങളും രംഗത്തുവന്നാല്‍ അമ്മയിലെ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമാകില്ലെന്ന് വ്യക്തമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :