ഹൈവെ വികസനത്തിന് ടൂറിസം മന്ത്രാലയം

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 13 ഏപ്രില്‍ 2010 (12:19 IST)
വിനോദസഞ്ചാര മേഖല സജീവമാക്കുന്നതിന്റെ ഭാഗമായി പതിനായിരം ഹൈവെകളുടെ വികസനത്തിന് കേന്ദ്ര ടൂറിസം മന്ത്രാലയം പദ്ധതിയിടുന്നു. രാജ്യത്തെ വിവിധ ഹൈവെകളുടെ സൌകര്യ വികസനങ്ങള്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. യാത്രക്കാര്‍ക്ക് വേണ്ട പ്രാഥമിക സൌകര്യങ്ങള്‍, വൃത്തിയുള്ള ഭക്ഷണം, റെസ്റ്റ് റൂമുകള്‍ എന്നിവയെല്ലാം ലഭ്യമാക്കും.

ഹൈവെകളില്‍ 40 കിലോമീറ്ററിനുള്ളില്‍ റെസ്റ്റ് റൂമുകള്‍, ടൊയിലറ്റ്, ഭക്ഷണം എന്നിവ ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. അതേസമയം, സ്റ്റേറ്റ് ഹൈവേകളില്‍ മുപ്പത് കിലോമീറ്ററിനുള്ളിലും ഈ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ടൂറിസം സെക്രട്ടറി സുജിത് ബാനര്‍ജി അറിയിച്ചു.


റോഡ് ഗതാഗത മന്ത്രലായവുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിക്കുക. ഓരോ സംസ്ഥാനങ്ങളിലെയും ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനുകളുമായി ചേര്‍ന്ന് വേണ്ട നടപടികള്‍ കൈക്കൊള്ളും. പൊതുമേഖലയും സ്വകാര്യ മേഖലയും തമ്മില്‍ യോജിച്ചായിരിക്കും ഹൈവെ വികസനങ്ങള്‍ നടത്തുകയെന്നും ബാനര്‍ജി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :