ലോറി ഡ്രൈവര്‍മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്; പാചകവാതകം കിട്ടാനില്ല

കൊച്ചി| JOYS JOY| Last Modified ശനി, 11 ഏപ്രില്‍ 2015 (10:42 IST)
ലോറി ഡ്രൈവര്‍മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് നീങ്ങിയതോടെ മധ്യകേരളത്തില്‍ പാചകവാതകക്ഷാമം അതിരൂക്ഷമായി. അമ്പലമേട് ബി പി സി എല്‍ എല്‍ പി ജി ബോട്ടിലിങ് പ്ളാന്‍റിലെ ലോറി ഡ്രൈവര്‍മാര്‍ ആണ് കഴിഞ്ഞ മൂന്നുദിവസമായി സമരം നടത്തിവരുന്നത്. സമരം മൂന്നാം ദിവസത്തേക്ക് കടന്നെങ്കിലും ഇതുവരെ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല.

പണിമുടക്കിന തുടര്‍ന്ന് വെള്ളിയാഴ്ചയും പ്ലാന്‍റില്‍ നിന്നുള്ള പാചകവാതക വിതരണം തടസപ്പെട്ടു. എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഭാരത് ഗ്യാസിന്റെ പാചകവാതക വിതരണമാണു നിലച്ചത്. സമരം തുടര്‍ന്നാല്‍ അത് പാചകവാതകക്ഷാമത്തിന് വഴിവെക്കും.

ലോറികളില്‍ സ്ഥിരം ക്ലീനര്‍മാരെ നിയമിക്കണം എന്നാവശ്യപ്പെട്ടാണ് സമരം. മൂന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഡ്രൈവര്‍മാര്‍ സമരം നടത്തുന്നത്. ലോറി ഉടമകള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനാലാണ് ചര്‍ച്ച പരാജയപ്പെട്ടത്. സ്ഥിരം ക്ലീനര്‍മാരെ നിയോഗിക്കാതെ ലോറികളില്‍ ലോഡ് കയറ്റുകയില്ലെന്ന് അമ്പലമേട് എല്‍ പി ജി ഡ്രൈവേഴ്സ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :