യൂണിനോറിലെ ഓഹരിപങ്കാളിത്തം ടെലിനോര്‍ ഉയര്‍ത്തി

ന്യൂഡല്‍ഹി| WEBDUNIA|
PRO
മൊബൈല്‍ സേവന ദാതാക്കളായ യൂണിനോറിലെ ഓഹരി പങ്കാളിത്തം നോര്‍വീജിയന്‍ കമ്പനിയായ ടെലിനോര്‍ ഉയര്‍ത്തി. പതിനൊന്ന് ശതമാനം ഓഹരികള്‍ കൂടിയാണ് ടെലിനോര്‍ സ്വന്തമാക്കിയത്. 1,493 കോടി രൂപയാണ് യൂണിനോറിന് ലഭിക്കുക.

നിരക്കു യുദ്ധത്തില്‍ പിടിച്ചുനില്‍ക്കാനാവശ്യമായ മൂലധനം സ്വരൂപിക്കാന്‍ ഈ നടപടി സഹായകരമാകുമെന്ന് കമ്പനിയുടെ ഏഷ്യന്‍ പ്രവര്‍ത്തന വിഭാഗം വൈസ് പ്രസിഡന്‍റ് സിഗ്‌വെ ബ്രെക്കെ പറഞ്ഞു. ഇതോടെ യൂണിനോറില്‍ ടെലിനോറിന്‍റെ ഓഹരി പങ്കാളിത്തം 60.2 ശതമാനമായി.

റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ യൂണിടെക്കിന്‍റെയും ടെലിനോറിന്‍റെയും സംയുക്തസംരഭമാണ് യൂണിനോര്‍. 67.25 ശതമാനം ഓഹരി പങ്കാളിത്തത്തിനാണ് ടെലിനോര്‍ യൂണിനോറുമായി ധാരണയിലായത്. നാലു ഘട്ടമായി ഓഹരി പങ്കാളിത്തം പൂര്‍ണ്ണതോതിലെത്തിക്കാമെന്നായിരുന്നു ഉറപ്പ്.

മാര്‍ച്ചോടെ കമ്പനി ടെലിനോര്‍ ഓഹരിപങ്കാളിത്തം പൂര്‍ണ്ണതോതില്‍ എത്തിക്കുമെന്നാണ് സുചന. കഴിഞ്ഞ വര്‍ഷമാണ് ടെലിനോര്‍ യൂണിനോറിന്‍റെ ഓഹരികള്‍ വാങ്ങാന്‍ ധാരണയിലെത്തിയത്.

മൊബൈല്‍ മേഖലയിലെ നവാഗതരായ യൂണിനോര്‍ പ്രചാരത്തിനായി ആകര്‍ഷകമായ പാക്കേജുകളാണ് അവതരിപ്പിക്കുന്നത്. നിരക്കുയുദ്ധത്തെ അതിജീവിക്കാന്‍ കോള്‍ചാര്‍ജ് 29 പൈസ വരെ യൂണിനോര്‍ താഴ്ത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :