ഫ്ലോപ്പി ഡിസ്ക് വില്‍പ്പന സോണി നിര്‍ത്തി

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 27 ഏപ്രില്‍ 2010 (15:41 IST)
ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനിയായ സോണി ഫ്ലോപ്പി ഡിസ്ക് വില്‍പ്പന നിര്‍ത്തിവയ്ക്കുകയാണെന്ന് അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ സോണിയാണ് പ്രധാനമായും ഫ്ലോപ്പി ഡിസ്കുകള്‍ വിപണിയിലെത്തിച്ചിരുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ ഫ്ലോപ്പി വില്‍പ്പന പൂര്‍ണമായും നിര്‍ത്തിവയ്ക്കും.

ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് നിരവധി അന്താരാഷ്ട്ര വിപണികളില്‍ ഫ്ലോപ്പി വില്‍പ്പന സോണി നേരത്തെ തന്നെ നിര്‍ത്തിവച്ചിരുന്നു. ഇലക്ട്രോണിക്സ് ഡാറ്റകള്‍ സൂക്ഷിക്കാന്‍ കൂടുതല്‍ മികച്ച സേവനങ്ങളും സംവിധാനങ്ങളും വന്നതോടെയാണ് സോണിയുടെ ഫ്ലോപ്പി വില്‍പ്പന ഇടിഞ്ഞത്.

നിലവില്‍ ഡാറ്റകള്‍ സൂക്ഷിക്കാന്‍ യു എസ് ബി ഡ്രൈവുകളും ഡി വി ഡി, ഡാറ്റാ കാര്‍ഡുകള്‍, ഓണ്‍ലൈന്‍ സര്‍വറുകള്‍ തുടങ്ങിയവയുടെ സേവനം ലഭ്യമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വളരെ കുറച്ച് ഡാറ്റകള്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന ഫ്ലോപ്പികളുടെ വില്‍പ്പന ഇടിയുകയായിരുന്നു.

അതേസമയം, ജപ്പാനില്‍ ഇപ്പോഴും ഫ്ലോപ്പി ഡിസ്കുകള്‍ വില്‍ക്കുന്നുണ്ട്. 2009 വര്‍ഷത്തില്‍ ജപ്പാനില്‍ 12 ദശലക്ഷം ഫ്ലോപ്പികള്‍ വില്‍പ്പന നടന്നതായി കമ്പനി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :