ന്യൂഡല്‍ഹി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
രാജ്യത്ത് പുതുതായി അനുവദിക്കുന്ന പെട്രോള്‍ പമ്പുകളില്‍ ഒ ബി സി വിഭാഗത്തിന് 27 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് 22.5 ശതമാനം സംവരണമുണ്ടാകും. അവശേഷിക്കുന്ന 50.5 ശതമാനമണ് ജനറല്‍ വിഭാഗത്തില്‍ അനുവദിക്കുക.
പുതിയ പെട്രോള്‍ പമ്പ് ലൈസന്‍സ് അനുവദിക്കുന്നതിന് അപേക്ഷകരില്‍നിന്ന് നറുക്കെടുപ്പ് നടത്തുന്ന രീതി അവലംബിക്കാനും തീരുമാനമായി. പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഇന്ധന വിപണന മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുന്നതിന്‍െറ ഭാഗമായാണ് ഈ തീരുമാനം. പുതുക്കിയ മാനദണ്ഡങ്ങള്‍ക്ക് പെട്രോളിയം മന്ത്രി ജയ്പാല് റെഡ്ഡി അംഗീകാരം നല്കി.
ഒ ബി സിക്കും എസ് സി/എസ് ടി വിഭാഗത്തിനും സംവരണം ചെയ്തവയില് അതത് വിഭാഗത്തിലെ വികലാംഗര്‍ക്ക് അഞ്ച് ശതമാനം, പൊലീസ്-പട്ടാള ഉദ്യോഗസ്ഥര്‍ക്ക് എട്ടു ശതമാനം, സ്വാതന്ത്ര്യസമര സേനാനി, കായികതാരങ്ങള്‍ എന്നിവര്‍ക്ക് അഞ്ചു ശതമാനം എന്നിങ്ങനെ ഉപസംവരണവുമുണ്ട്.
എല്ലാ വിഭാഗത്തിലും 33 ശതമാനം പെട്രോള്‍ പമ്പുകള്‍ അതത് വിഭാഗത്തിലെ സ്ത്രീകളുടെ പേരില്‍ മാത്രമേ അനുവദിക്കാന്‍ പാടുള്ളൂവെന്നുമാണ് പുതിയ മാനദണ്ഡത്തിലെ വ്യവസ്ഥ.