ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 6 ജനുവരി 2015 (11:14 IST)
അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡല്‍ഹിയില്‍ പച്ചക്കറി വില അനിയന്ത്രിതമായി ഉയരുന്നത്
സാധാരണക്കാരനെ പോലെ തന്നെ നേതാക്കളെയും വിഷമത്തിലാക്കി. അപ്രതീക്ഷിതമായി എത്തിയ മഴയും പാകിസ്ഥാനിലേക്ക് പച്ചക്കറി കയറ്റി അയയ്ക്കുന്നതുമാണ് അതിശൈത്യത്തിലും പച്ചക്കറി വില കുത്തനെ ഉയരാന്‍ കാരണമാക്കിയത്. ഫെബ്രുവരിയിലാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ പത്തു ദിവസത്തിനുള്ളിലാണ് തലസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഉയര്‍ന്നത്. തിങ്കളാഴ്ച തലസ്ഥാനത്ത് തക്കാളി വില കിലോഗ്രാമിന് 40 മുതല്‍ 50 രൂപ വരെ ആയിരുന്നു. കഴിഞ്ഞ രണ്ട് ആഴ്ച മുമ്പുള്ള വിലകളുമായി താരതമ്യം ചെയ്യുമ്പോള്‍ 10 മുതല്‍ 20% വരെ വര്‍ദ്ധനയാണ് തക്കാളിവിലയില്‍ ഉണ്ടായിരിക്കുന്നത്.
അതേസമയം, ഡിസംബറില്‍ അപ്രതീക്ഷിതമായി എത്തിയ മഴയും അതിശൈത്യവും ഇത്തവണ പച്ചക്കറി ഉല്പാദനത്തില്‍ കാര്യമായ കുറവ് വരുത്തിയതായി ഡല്‍ഹി അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് ബോര്‍ഡ് മെംബര്‍ അനില്‍ മല്‍ഹോത്ര പറഞ്ഞു. സാധാരണ ഈ സമയത്ത് നാസിക്കില്‍ നിന്ന് 300 മുതല്‍ 400 വരെ ട്രക്കുകളില്‍ തക്കാളി മറ്റു സ്ഥലങ്ങളിലേക്ക് എത്തുന്നതാണ്. എന്നാല്‍ ഇത്തവണ അത് 40 മുതല്‍ 50 വരെ ആയി കുറഞ്ഞെന്നും അനില്‍ മല്‍ഹോത്ര പറയുന്നു.
അതിശൈത്യം പാകിസ്ഥാനിലെ കൃഷിയിടങ്ങളെയും ബാധിച്ചു. ഇന്ത്യയില്‍ നിന്നുള്ള തക്കാളിയും കടലയുമാണ് പാകിസ്ഥാന്‍ ഇപ്പോള്‍ പ്രധാനമായും ആശ്രയിക്കുന്നത്. ഒരു ആഴ്ച മുമ്പു വരെ അമൃത്‌സര്‍ മാര്‍ക്കറ്റില്‍ 18 -20 രൂപയ്ക്ക് ലഭ്യമായിരുന്ന തക്കാളിക്ക് ഇപ്പോള്‍ 20-25 ആണ് വില. നേരത്തെ, 14 മുതല്‍ 19 രൂപ വരെ നിരക്കില്‍ ലഭ്യമായിരുന്ന കടലയ്ക്ക് ഇപ്പോള്‍ 23 രൂപയാണ് വില.