പാലക്കാട് വീരേന്ദ്രകുമാറിനെ തോല്‍പ്പിച്ചത് കോണ്‍ഗ്രസ് തന്നെ

തിരുവനന്തപുരം| vishnu| Last Updated: ബുധന്‍, 31 ഡിസം‌ബര്‍ 2014 (17:00 IST)
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് യു‌ഡി‌എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് എസ്‌ജെഡി നേതാവ് എപി വീരേന്ദ്രകുമാര്‍ പരാജയപ്പെട്ടതിന് കാരണം കോണ്‍ഗ്രസാണെനെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ആര്‍ ബാലകൃഷ്ണപിള്ള അധ്യക്ഷനായ ഉപസമിതി നടത്തിയ അന്വേഷണത്തിലാണ് വിര്രേന്ദ്രകുമാറിന്റെ തോല്‍‌വിക്കു പിന്നില്‍ കോങ്രസ് പ്രവര്‍ത്തകരാണെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. താഴെത്തട്ടിലുള്ള ഘടകങ്ങള്‍ക്ക് പുറമേ ഡിസിസി പ്രസിഡന്റിനും തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ക്കും വീഴ്ച പറ്റിയതായും റിപ്പോര്‍ട്ടിലുണ്ട്.

തങ്ങളെ മനപ്പൂര്‍വ്വം തോല്‍പ്പിക്കുകയായിരുന്നു എന്ന് നേരത്തെ തന്നെ എസ്‌ജെഡി ആരോപിച്ചിരുന്നു, ഈ ആരോപണങ്ങള്‍ക്ക് കരുത്തുപകരുന്ന റിപ്പോര്‍ട്ടാണ് ഉപസമിതി സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ തരംഗം ഉണ്ടായിട്ടും പാലക്കാട് തോ‌ല്‍‌വിയുണ്ടാകണമെങ്കില്‍ അതിന് കോണ്‍ഗ്രസിന്റെ കൈയ്യുണ്ടാകണമെന്ന് എസ്‌ജെഡിയിലെ നേതാക്കള്‍ കരുതുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കേറ്റ പരാജയത്തിന് കാരണം താഴെത്തട്ടില്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി സംവിധാനങ്ങള്‍ക്ക് പിഴവു പറ്റിയതാണ് എന്നാണ് ഉപസമിതി റിപ്പോര്‍ട്ട് പറയുന്നത്.

കോഴിക്കോട്, വടകര, വയനാട് എന്നിവയിലേതെങ്കിലും ഒരു സീറ്റാണ് എസ്‌ജെഡി അന്ന് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നല്‍കിയത് പാലക്കാട് സീറ്റാണ്. ഇതിന്റെ പേരില്‍ കോണ്‍ഗ്രസുമായി എസ്‌ജെഡി ഉടക്കിയിരുന്നു. ഇതിനു പകരമായി വീരേന്ദ്രകുമാറിനെ പാലക്കാട് നിര്‍ത്തി തോല്‍പ്പിക്കുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റിയതെന്നാന് പാര്‍ട്ടി കരുതുന്നത്. ഇത്തരത്തില്‍ അപമാനം സഹിച്ചുകൊണ്ട് മുന്നണിയില്‍ തുടരേണ്ടതില്ലെന്ന് ചില നേതാക്കള്‍ ഇപ്പോള്‍ ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് എസ്‌ജെഡി ജനതാ ദള്‍ യുണെറ്റഡില്‍ ലയിച്ചത്. ഇതിനു ശേഷം ജനതാദള്‍ യുണൈറ്റഡിന്റെ സംസ്ഥാന പ്രസിഡന്റാണ് വീരേന്ദ്രകുമാര്‍. ദേശീയ തലത്തില്‍ ജനതാ പാര്‍ട്ടികള്‍ ഒന്നിച്ച് ഒരു പാര്‍ട്ടിയാകാന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ ചിലപ്പോള്‍ വീരേന്ദ്രകുമാറിന് മുന്നണി വിടേണ്ടതായി വന്നേക്കാമെന്ന് സൂചനകളുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :