ജീവിതത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് കടക്കെണി തടസ്സമാകുന്നുണ്ടോ ? ഇതാ അതില്‍ നിന്നും രക്ഷനേടാനുള്ള മാര്‍ഗ്ഗങ്ങള്‍

ക്രെഡിറ്റ് കാര്‍ഡിലൂടയുള്ള പര്‍ച്ചേസിന് പ്രതിമാസം ഒരു പരിധി നിശ്ചയിക്കുക.

കടക്കെണി, ജീവിതം debt, life
സജിത്ത്| Last Modified തിങ്കള്‍, 20 ജൂണ്‍ 2016 (13:45 IST)
അബദ്ധങ്ങള്‍ പിണയാത്തവരായി ആരും ഉണ്ടാവില്ല. അത് ഒരു മോശം കാര്യവുമല്ല. പക്ഷേ അവയില്‍ നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടത് ആവശ്യമാണ്. അനുഭവിച്ചറിയുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് കണ്ടറിയുന്നതാണ്.
ഒരു വ്യക്തിക്ക് അബദ്ധം പിണഞ്ഞാല്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം സഹായിക്കാനല്ല മറിച്ച് കുറ്റപ്പെടുത്താനാകും ശ്രമിക്കുക.

ജീവിതത്തിലെ മുന്നോട്ടുള്ള കുതിക്കുന്നതിന് പലപ്പോഴും നിങ്ങളെ തടസ്സപ്പെടുത്തുന്നത് കടബാധ്യതയായിരിക്കും. ഈ കെണിയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാന്‍ കഴിയുമെന്ന് നിങ്ങള്‍ എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കടം ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്ന് ഒരു വിശകലനം.

മൂന്നുലക്ഷത്തിനു മുകളില്‍ പണം വേണ്ടി വരുന്ന കാര്യങ്ങള്‍ക്കു മാത്രമേ വായ്പയെടുക്കുക്കാവൂ. ഉദാഹരണത്തിനായി വീട്, കാറ് എന്നിവ വാങ്ങുന്ന വേളയില്‍ മാത്രം. കൂടാതെ കൈയിലുള്ള പണമോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുവാനും ശ്രദ്ധിക്കുക. അതുപോലെ കൊടുക്കാനുള്ള പണം, മാസ തവണകള്‍, വരാവുന്ന ചെലവുകള്‍ എന്നിവ ലിസ്റ്റാക്കി വെച്ച് ആ ലിസ്റ്റ് ഇടക്കിടെ റിവ്യു ചെയ്യാനും ശ്രമിക്കുക.

ക്രെഡിറ്റ് കാര്‍ഡിലൂടയുള്ള പര്‍ച്ചേസിന് പ്രതിമാസം ഒരു പരിധി നിശ്ചയിക്കുക. ഒരു ലക്ഷം പരിധിയുണ്ടെന്ന് കരുതി റിവാര്‍ഡ് പോയിന്റ് കിട്ടാന്‍ വേണ്ടി മാത്രം എല്ലാം ക്രെഡിറ്റ് കാര്‍ഡിലൂടെ ചെയ്യരുത്. ഇത് പിന്നീട് വലിയ ബാധ്യതയിലേക്ക് നയിക്കും. അതുപോലെ കഴിയുന്നതും പുറത്തുനിന്നുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. ഇത് നിങ്ങള്‍ക്ക് സാമ്പത്തികമായും ആരോഗ്യകരമായും നല്ലതാണ്.

എന്തെങ്കിലും രീതിയില്‍ കുറച്ച് പണം അപ്രതീക്ഷിതമായി കൈവന്നാല്‍ അത് സൂക്ഷിച്ചു വയ്ക്കുക. ഈ പണം അപ്രതീക്ഷിതമായെത്തുന്ന അത്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ ഏതെങ്കിലും ഒരു കടം വീട്ടുന്നതിനും ഈ പണം സഹായിച്ചേക്കാം. കഴിയുന്നത് പ്രതിദിനം വരവ്-ചെലവ് കണക്കുകള്‍ എഴുതി വയ്ക്കാന്‍ ശ്രമിക്കണം. ഈ ശീലം വളര്‍ത്തിയെടുത്താല്‍ അത് ഭാവിയില്‍ പുതിയ കടങ്ങള്‍ കടന്നു വരുന്നതില്‍ നിന്നും നിങ്ങളെ രക്ഷിക്കും.

പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ജീവിതം എങ്ങനെയായിരിക്കണമെന്ന ഒരു ലക്ഷ്യം വേണം. അതിനനുസരിച്ചുള്ള പ്ലാനിങ്ങായിരിക്കണം നമ്മള്‍ നടത്തേണ്ടത്. അല്ലാതെ അതാതു ദിവസത്തെ പ്രശ്‌നങ്ങള്‍ മാത്രം നേരിട്ടു പോകുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ അത് നമ്മളെ വലിയ വിപത്തിലേക്ക് തള്ളി വിട്ടേക്കാം.
കടക്കെണിയിലാണെങ്കിലും അല്ലെങ്കിലും വരവിനനുസരിച്ച് മാത്രം ചെലവ് ചെയ്യുക. ആവശ്യങ്ങളും ആര്‍ഭാടങ്ങളും തിരിച്ചറിയാന്‍ ഓരോരുത്തര്‍ക്കും സാധിക്കണം.

നമുക്ക് പല സാധനങ്ങളും വാങ്ങണമെന്ന് ആഗ്രഹം തോന്നും. അത് മനസ്സില്‍ കിടന്ന് വേട്ടയാടുകയും ചെയ്യും. ചിലപ്പോള്‍ കടം വാങ്ങി അതു വാങ്ങുകയും ചെയ്യും. എന്തെങ്കിലും സാധനം വാങ്ങണമെന്നു തോന്നിയാല്‍ പണം കൂട്ടി വെച്ച് വാങ്ങാന്‍ ശ്രമിക്കുക. പലപ്പോഴും ഇത്തരത്തില്‍ പണം കൂട്ടി വരുമ്പോഴേക്കും നമ്മുടെ അത്യാവശ്യം ആവശ്യമേ അല്ലാതായി മാറുകയും ചെയ്യും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :