കയറ്റുമതിക്കുള്ള രണ്ട് ശതമാനം പലിശ സബ്സിഡി സര്‍ക്കാര്‍ ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചേക്കും. അടുത്ത ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. മുന്‍കാലത്തെ അപേക്ഷിച്ച് കയറ്റുമതി രംഗം കൂടുതല്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സബ്സിഡി തിടുക്കപ്പെട്ട് നിര്‍ത്തേണ്ടെന്നാണ് വാണിജ്യ മന്ത്രാലയത്തിന്‍റെ തീരുമാനമെന്ന് മന്ത്രാലയവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കയറ്റുമതു 15 മുതല്‍ 20 ശതമാനം വരെ ഉയരുന്നത് വരെ സ്ബസിഡി നിലനിര്‍ത്താനാണ് മന്ത്രാലയം ആലോചിക്കുന്നത്. കയറ്റുമതിക്കുള്ള സബ്സിഡി തുടരാന്‍ വാണിജ്യ മന്ത്രാലയം ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് ഉന്നത കേന്ദ്രങ്ങള്‍ അറിയിച്ചു. നികുതി സബ്സിഡി തുടരണമെന്ന ആവശ്യം പരിഗണിക്കുമെന്നും എന്നാല്‍ ഇത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ധനകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു.
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ എട്ട് ശതമാനം ധനക്കമ്മിയിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച പലിശയിളവ് റിസര്‍വ് ബാങ്ക് ഈ വര്‍ഷം മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു. അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്ന് തിരിച്ചടി നേരിട്ട കൈത്തറി, ടെക്സ്റ്റൈല്‍സ്, കാര്‍പെറ്റ്സ്, ചെറുകിട സ്ഥാപനങ്ങള്‍ എന്നിവയെ സഹായിക്കാനായിരുന്നു റിസര്‍വ് ബാങ്കിന്‍റെ നടപടി.
കയറ്റുമതിക്കാര്‍ക്കുള്ള വായ്പയുടെ പ്രാഥമിക പലിശയില്‍ രണ്ട് ശതമാനം ഇളവാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. 2007 പകുതിയോടെയാണ് മാന്ദ്യത്തില്‍പ്പെട്ട കയറ്റുമതി മേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയത്. സാമ്പത്തിക ഉത്തേജന പാക്കേജിന്‍റെ ഭാഗമായി 2008 ഡിസംബറില്‍ വീണ്ടും പലിശയിളവ് നല്‍കുകയായിരുന്നു.