നാലാം പാദത്തില്‍ 7.7% വളര്‍ച്ച അനിവാര്യം

ന്യൂഡല്‍ഹി| WEBDUNIA|
നടപ്പ് സാമ്പത്തിക വര്‍ഷം 7.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സര്‍ക്കാര്‍ വിശ്വാസം പ്രകടിപ്പിക്കുമ്പോഴും അത് അത്ര എളുപ്പമാവില്ലെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. നിശ്ചിത ലക്‍ഷ്യം കൈവരിക്കണമെങ്കില്‍ നാലാം പാദത്തില്‍ മാത്രം 7.7 ശതമാനം വളര്‍ച്ചയെങ്കിലും രാജ്യം കൈവരിക്കണം.

എന്നാല്‍ നാലാം പാദത്തില്‍ അഞ്ച് ശതമാനമെങ്കിലും വളര്‍ച്ച കൈവരിക്കാനാകുമോ എന്ന ആശങ്കയാണ് സാമ്പത്തിക നിരീക്ഷകര്‍ പ്രകടിപ്പിക്കുന്നത്. മൂന്നാം പാദത്തില്‍ സേവന മേഖലയില്‍ വളര്‍ച്ച മുന്‍ വര്‍ഷത്തേക്കാള്‍ 9.3 ശതമാനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് നാലാം പാദത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞേക്കില്ല. കാര്‍ഷിക വാണിജ്യമേഖലയില്‍ കടുത്ത മാന്ദ്യം നില നില്‍ക്കുന്നത് സേവന മേഖലയ്ക്കും തിരിച്ചടിയാകും. മൂന്നാം പാദത്തില്‍ ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് ബിസിനസ് സേവനങ്ങളില്‍ 9.5 ശതമാനവും കമ്യൂണിറ്റി, സാമൂഹിക വ്യക്ത്യാധിഷ്ഠിത സേവനങ്ങളില്‍ 17.3 ശതമാനവും ഉയര്‍ച്ചയാണ് നേടിയത്.

വികസിത രാഷ്ട്രങ്ങള്‍ ഇപ്പോഴും സാമ്പത്തിക മാന്ദ്യത്തിന്‍റെ പിടിയില്‍ നിന്ന് മുക്തമായിട്ടില്ലാത്തതിനാല്‍ രാജ്യത്തിന്‍റെ കയറ്റുമതി മേഖലക്ക് ഉണര്‍വ് വീണ്ടെടുക്കാനായിട്ടില്ല. ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ പ്രധാന വിപണിയായ യൂറോപ്പിലും അമേരിക്കയിലും വിപണികള്‍ ആലസ്യത്തിലാണ്. നടപ്പ് വര്‍ഷത്തിന്‍റെ ആരംഭത്തില്‍ 200 ബില്യണ്‍ ഡോളറിന്‍റെ കയറ്റുമതിയാണ് രാജ്യം ലക്‍ഷ്യമിട്ടിരുന്നതെങ്കിലും ഇപ്പോള്‍ 17,500 കോടി ഡോളറാണ് പ്രതീക്ഷിക്കുന്നത്.

ഈ സ്ഥിതി വച്ച് നോക്കുമ്പോള്‍ 6.4 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് സാമ്പത്തിക നിരീക്ഷകര്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. അങ്ങനെവന്നാല്‍ 2002-03ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരിക്കും ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :