കയറിന്റെയും പ്രകൃതിദത്ത നാരുകളുടെയും അന്താരാഷ്ട്ര മേളയായ കയര്‍ കേരള- 2013ന് ആലപ്പുഴയില്‍ തുടക്കമായി. ഇംഎംഎസ് സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേളയും അന്താരാഷ്ട്ര പവലിയനും ഉദ്ഘാടനം ചെയ്യും.
റവന്യൂ-കയര്‍ മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ ദേശീയ പവലിയന് ഉദ്ഘാടനം ചെയ്യും. ടൂറിസം- പിന്നാക്ക-പട്ടികജാതി ക്ഷേമ മന്ത്രി എപി.അനില്‍കുമാര്‍ തീം പവലിയന് ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി കെആര്ഗൗരിയമ്മ മുഖ്യാതിഥിയായിരിക്കും.
ഏഴു മണിക്ക് സാംസ്കാരികപരിപാടിയുടെ ഉദ്ഘാടനം സിനിമാ നടന് ദിലീപ് നിര്‍വഹിക്കും. തുടര്‍ന്ന് സിനിമാസംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ. ഫെബ്രുവരി ആറു വരെയാണു മേള. കഴിഞ്ഞ തവണത്തെക്കാള്‍ 20 ശതമാനം സൗകര്യങ്ങള്‍ ഇക്കുറി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും വിവിധ പവലിയനുകള്‍ക്കും പ്രധാന വേദിക്കും മറ്റുമായി 1.36 ലക്ഷം ചതുരശ്ര അടി സ്ഥലമാണ് വിനിയോഗിച്ചിട്ടുള്ളതെന്നും മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.