ഐടി നഗരങ്ങളില്‍ തിരുവനന്തപുരം നാലാമത്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഇന്ത്യയിലെ പത്ത് ഐ ടി നഗരങ്ങളില്‍ തിരുവനന്തപുരത്തിന് നാലാം സ്ഥാനം. രാജ്യത്തെ പ്രമുഖ ഐ ടി കമ്പനിയായ റെഡ്ഡിഫ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് തിരുവനന്തപുരത്തിന് നാലാം സ്ഥാനം ലഭിച്ചിരിക്കുന്നത്. നിലവിലെ ഐ ടി സാമ്പത്തിക മേഖലയില്‍ തിരുവനന്തപുരം മികച്ച പ്രകടമാണ് കാഴ്ചവയ്ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഐടിയ്ക്ക് പുറമെ മെഡിക്കല്‍, ബയോടെക്നോളജി എന്നീ മേഖലകളിലും തിരുവനന്തപുരം മുന്നിലാണ്.

കേരളത്തില്‍ നിന്നുള്ള സോഫ്റ്റ്വയര്‍ കയറ്റുമതിയില്‍ 80 ശതമാനവും തിരുവനന്തപുരത്ത് നിന്നാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നേരത്തെ ഇവിടത്തെ 60 ശതമാനം തൊഴിലും സര്‍ക്കാര്‍ സേവനങ്ങളെ കേന്ദ്രമാക്കിയായിരുന്നു. എന്നാല്‍, 1995ല്‍ ടെക്നോപാര്‍ക്ക് തുടങ്ങിയതോടെ തിരുവനന്തപുരം രാജ്യത്തെ മികച്ച ഐ ടി നഗരമായി മാറുകയായിരുന്നു.

ടെക്നോപാര്‍ക്കിന് പുറമെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂറ്റ് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂറ്റ് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് തുടങ്ങീ സ്ഥാപനങ്ങളും തിരുവനന്തപുരത്തിന്റെ മുന്നേറ്റത്തിന് സഹായിച്ചു.

ഐ ടി മേഖലയില്‍ തിരുവനന്തപുരത്തിന്റെ ഈ മുന്നേറ്റം രാജ്യത്തിനകത്തും പുറത്തും കേരളത്തിന്റെ സാമ്പത്തിക മേഖയ്ക്ക് വന്‍ നേട്ടമാകുമെന്ന് സ്റ്റേറ്റ് ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജി പ്രിന്‍സിപ്പല്‍ സെക്രട്ടറി അജയ് കുമാര്‍ പറഞ്ഞു. നിലവില്‍ ടെക്നോപാര്‍ക്കില്‍ 27,000 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍, കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ കേവലം 9,000 പേര്‍ മാത്രമാണ് ജോലി ചെയ്യുന്നത്.

രാജ്യത്തെ ഏറ്റവും മികച്ച ഐ ടി നഗരങ്ങളില്‍ ബാംഗ്ലൂര്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനുള്ളില്‍ ബാംഗ്ലൂരിന്റെ ഐടി മേഖലയില്‍ പത്തിരട്ടി വളര്‍ച്ചയുണ്ടായെന്നാണ് റെഡ്ഡിഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതേസമയം, ഇന്ത്യയുടെ സിലിക്കന്‍ വാലി എന്നറിയപ്പെടുന്ന ബാംഗ്ലൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിലും സുരക്ഷയിലും ഏറെ പിന്നാലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തിലെ പ്രമുഖ ഐടി കമ്പനികളായ ഇന്‍ഫോസിസും വിപ്രോയുമാണ് ഏറ്റവും കൂടുതല്‍ സോഫ്റ്റ്വയറുകള്‍ കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിലെ മൊത്തം ഐ ടി കയറ്റുമതിയില്‍ 34 ശതമാനവും ഈ രണ്ട് കമ്പനികളാണ് കയ്യടക്കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :