മൂന്നാറില്‍ സര്‍ക്കാര്‍ നയം: മുഖ്യമന്ത്രി

തിരുവന്തപുരം| WEBDUNIA|
PRO
PRO
മൂന്നാറില്‍ സര്‍ക്കാര്‍ നയമായിരിക്കും നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് മന്ത്രിസഭായോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മൂന്നാറിലെ ഭൂമി കൈയേറ്റത്തെക്കുറിച്ച് പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.

മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ചെയ്‌ത്‌ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കും. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മൂന്നാറിലെ അനധികൃത ഭൂമി കൈയേറ്റക്കാര്‍ക്കെതിരെയും കൈയേറ്റത്തിന്‌ കൂട്ടുനിന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടിക്കെതിരെ സി പി എം പ്രാദേശിക ഘടകത്തിന്‍റെ എതിര്‍പ്പ്‌ മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്‌ടിക്കാട്ടിയപ്പോള്‍ ഒരു പാര്‍ട്ടിയല്ല ഭരിക്കുന്നതെന്നും എല്‍ ഡി എഫ് തീരുമാനം മൂന്നാറില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കലക്‌ടറെ മാറ്റുന്ന കാര്യവും മന്ത്രിസഭാ ഉപസമിതി തീരുമാനിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ ഇടുക്കി ജില്ലാ കളക്ടര്‍ അശോക്‌ കുമാര്‍ സിംഗിനെ മാറ്റണമെന്ന്‌ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ്‌ സൂചന. എന്നാല്‍ സിപിഐ മന്ത്രിമാര്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തു. ഏതായാലും സി പി ഐ നല്‍കുന്ന പിന്തുണയെ കാര്യമായി കണ്ട് മൂന്നാര്‍ ദൌത്യവുമായി ശക്തമായി മുന്നോട്ടു പോകാന്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :