അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 ജനുവരി 2024 (15:55 IST)
കമ്പനി നഷ്ടത്തിലായതിനെ തുടര്‍ന്ന് ഓഹരി ഉടമകള്‍ക്ക് വികാരനിര്‍ഭരമായ കത്തയച്ച് എഡ്യൂടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍. യാദൃശ്ചികമായുണ്ടായ അടിയില്‍ തന്റെ തലയില്‍ നിന്നും രക്തം വാര്‍ന്ന് വരുന്ന അവസ്ഥയിലാണെന്നും എന്നാല്‍ അഴുകിയിട്ടില്ലെന്നും കത്തില്‍ ബൈജു രവീന്ദ്രന്‍ പറയുന്നു.
നിലവിലുള്ള മൂലധനചെലവിന് ധനസഹായം നല്‍കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമായി കമ്പനി 200 മില്യണ്‍ ഡോളര്‍ റൈറ്റ്‌സ് ഇഷ്യു ആരംഭിക്കുകയാണെന്ന് ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി കഠിനമായ വെല്ലുവിളികളാണ് കമ്പനി നേരിടുന്നതെന്നും എന്നാല്‍ ലാഭത്തിലേക്കുള്ള ദൂരം ഒരു പാദം മാത്രം അകലെയാണെന്നും വളര്‍ച്ചയില്‍ മാത്രമാണ് കമ്പനി ശ്രദ്ധ വെയ്ക്കുന്നതെന്നും ബൈജു രവീന്ദ്രന്‍ പറയുന്നു.
ബൈജൂസ് അവസാനം നിക്ഷേപകരില്‍ നിന്നും പണം സമാഹരിക്കുമ്പോള്‍ 2200 കോടി ഡോളറായിരുന്നു കമ്പനി മൂല്യം. പുതിയ ഫണ്ട് സമാഹരണത്തിന് ശേഷം ഇത് വെറും 22.5 കോടി ഡോളര്‍ ആകുമെന്നാണ് കണക്കുകള്‍ പറയുന്നത്. കമ്പനി മൂല്യത്തില്‍ 99 ശതമാനത്തോളം കുറവാണ് ഇത് മൂലം ഉണ്ടാവുക.