ഇന്ത്യയ്ക്ക് ആശ്വസിക്കാം; ക്രൂഡോയിൽ വില വീണ്ടും 50 ഡോളറിൽ താഴെയെത്തി

ന്യൂഡൽഹി| VISHNU N L| Last Modified ബുധന്‍, 22 ജൂലൈ 2015 (10:25 IST)
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂപ്പുകുത്തി. നാല് മാസത്തെ ഇടവേളയ്‌ക്ക് ശേഷം വില ഇന്നലെ ബാരലിന് 50 ഡോളറിൽ താഴെയെത്തി. 16 സെന്റ് ഇടിഞ്ഞ് 49.99 ഡോളറിലാണ് ഇന്നലെ ക്രൂഡോയിൽ വ്യാപാരം നടന്നത്. ഏറ്റവുമധികം വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് 11 സെന്റ് താഴ്‌ന്ന് 56.50 ഡോളറായിട്ടുണ്ട്.

ഉപരോധം അവസാനിച്ചതോടെ ഇറാന്‍ തങ്ങളുടെ ക്രൂഡ് ഓയില്‍ കയറ്റുമതി വീണ്ടും ആരംഭിക്കാന്‍ തുടങ്ങിയതാണ് വില കുത്തനെ ഇടിയാന്‍ ഇടയാക്കിയത്. മൂന്ന് കോടിയോളം ബാരലാണ് ഇറാന്‍ കയറ്റുമതിക്കായി കരുതിവച്ചിരിക്കുന്നത്. രാജ്യാന്തര തലത്തിൽ ക്രൂഡോയിൽ വില ഇടിയുന്നത് ഇന്ത്യയിൽ പെട്രോൾ
- ഡീസൽ വില കുത്തനെ കുറയാൻ സഹായകമാകും.

ഡിമാൻഡിൽ കവിഞ്ഞ സ്‌റ്റോക്ക് ഇപ്പോഴേ ആഗോള ക്രൂഡോയിൽ വിപണിയിലുണ്ട്. ഇതിനിടയില്‍ ഒപെക് രാജ്യങ്ങളിലെ ഏറ്റവും വലിയ ഉത്‌പാദകരായ സൗദി അറേബ്യ കഴിഞ്ഞമാസം ഉത്‌പാദനത്തിൽ റെക്കോഡ് വർദ്ധന രേഖപ്പെടുത്തുകയും ചെയ്തു. കൂട്ടത്തില്‍ ഇറാനില്‍ നിന്ന് കൂടി ക്രൂഡ് ഓയില്‍ വിപണിയിലെത്തുന്നതോടെ വില ഇനിയും കുത്തനെ ഇടിയും. അമേരിക്ക പലിശ നിരക്കുകൾ ഉയർത്തിയേക്കുമെന്ന ഭീതിയും ക്രൂഡോയിൽ വില കുറയാൻ കാരണമാകുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :