സഹകരണ ബാങ്ക് പലിശനിരക്കുകള്‍ കുറയും

തിരുവനന്തപുരം| VISHNU.NL| Last Modified വെള്ളി, 23 മെയ് 2014 (12:35 IST)
സംസ്‌ഥാന/ജില്ലാ സഹകരണ ബാങ്കുകള്‍, പ്രാഥമിക സര്‍വീസ്‌ സകരണസംഘങ്ങള്‍ എന്നിവ മുഖേനയുള്ള വായ്‌പകളുടെ പലിശനിരക്ക്‌ 16-ല്‍നിന്നു 15 ശതമാനമായി കുറയ്‌ക്കും. മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നടപടി.

കൊള്ളപ്പലിശക്കാരില്‍നിന്നു ജനങ്ങളെ രക്ഷിക്കുന്നതിന്റെ ഭാഗമായി സഹകരണ ബാങ്കുകള്‍ വഴിയുള്ള വായ്‌പ ലളിതവും ഉദാരവുമാക്കുന്നതു ചര്‍ച്ചചെയ്യാനാണു യോഗം ചേര്‍ന്നത്‌.ഓപ്പറേഷന്‍ കുബേര വിജയകരമായി മുന്നേറുന്നതിനിടെ, ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല മുന്നോട്ടുവച്ച നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തിലാണു ബാങ്ക്‌ വായ്‌പകള്‍ ഉദാരമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.

സംസ്‌ഥാനത്തെ സഹകരണ ബാങ്ക്‌/സംഘങ്ങള്‍ മുഖേന 5000 രൂപവരെയുള്ള ചെറുകിടവായ്‌പകള്‍ അപേക്ഷിച്ചതിന്റെ അടുത്തദിവസംതന്നെ ജാമ്യം കൂടാതെ നല്‍കണമെന്നും. 10,000 രൂപവരെയാണു വായ്‌പയെങ്കില്‍ ആള്‍ജാമ്യത്തില്‍ രണ്ടുദിവസത്തിനകം നല്‍കാനും അപേക്ഷിക്കുന്നവര്‍ക്കു പരമാവധി 15 ദിവസത്തിനുള്ളില്‍ വായ്‌പ ലഭ്യമാക്കാനും യോഗം തീരുമാനിച്ചു.

വായ്‌പയ്‌ക്കുള്ള അപേക്ഷ ലഭിച്ചാല്‍ നിയമോപദേശത്തിനും മൂല്യനിര്‍ണയത്തിനും ശേഷം പരമാവധി എട്ടു ദിവസത്തിനകം ഭരണസമിതിയുടെ തീരുമാനമുണ്ടാകണം. വായ്‌പകള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ സംവിധാനം ഏര്‍പ്പെടുത്തുന്നതു പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം പരിഗണിക്കുമെന്നു മന്ത്രിമാര്‍ അറിയിച്ചു.

സഹകരണ ബാങ്കുകളും സംഘങ്ങളും കര്‍ഷകര്‍ക്കു പലിശരഹിതവായ്‌പ നല്‍കണമെന്നു യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. 18 മാസക്കാലയളവില്‍ 8% പലിശനിരക്കില്‍ കാര്‍ഷികവായ്‌പ നല്‍കണം. കൃത്യമായി തിരിച്ചടയ്‌ക്കുന്നവര്‍ക്കു കേന്ദ്രത്തില്‍നിന്നുള്ള അഞ്ചുശതമാനവും സംസ്‌ഥാനത്തിന്റെ മൂന്നുശതമാനവും സബ്‌സിഡി പ്രയോജനപ്പെടുത്തി, പലിശരഹിതവായ്‌പയായി നല്‍കാനും യോഗം തീരുമാനിച്ചു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :